
ഹാങ്ചൗ: ഏഷ്യന് ഗെയിംസ് ഹോക്കിയില് വിജയക്കുതിപ്പ് തുടര്ന്ന് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ അട്ടിമറിച്ചാണ് ഇന്ത്യ വമ്പന് വിജയം സ്വന്തമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകള്ക്കായിരുന്നു ഇന്ത്യയുടെ വിജയം. യുവ സ്ട്രൈക്കര് അഭിഷേകിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന അഞ്ച് മിനിറ്റില് നേടിയ രണ്ട് ഗോളുകളാണ് ജപ്പാന്റെ തോല്വിഭാരം കുറച്ചത്. ലോക റാങ്കിങ്ങില് അഞ്ചാം സ്ഥാനക്കാരായ ജപ്പാനെ തോല്പ്പിച്ചതോടെ ഏഷ്യന് ഗെയിംസ് ഹോക്കിയില് തുടര്ച്ചയായ മൂന്നാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
13-ാം മിനിറ്റില് അഭിഷേകിലൂടെയായിരുന്നു ഇന്ത്യ ഗോളടി തുടങ്ങിയത്. 24-ാം മിനിറ്റില് മന്ദീപ് സിങ്ങും 34-ാം മിനിറ്റില് അമിത് രോഹിദാസും ഇന്ത്യയുടെ ലീഡുയര്ത്തി. 48-ാം മിനിറ്റില് അഭിഷേക് ഇന്ത്യയുടെ ഗോള്പട്ടിക പൂര്ത്തിയാക്കി. 57-ാം മിനിറ്റില് ജെന്കി മിറ്റാനിയും മൂന്ന് മിനിറ്റിന് ശേഷം റ്യോസി കാറ്റോയും ജപ്പാന് വേണ്ടി ഗോളുകള് നേടി.
ശനിയാഴ്ച പൂള് എയില് നടക്കുന്ന മത്സരത്തില് പാകിസ്താനെയാണ് ഇന്ത്യ ഇനി നേരിടുക. ആദ്യ മത്സരങ്ങളില് ഉസ്ബകിസ്താനെയും സിംഗപ്പൂരിനെയും ഇന്ത്യ തകര്ത്തിരുന്നു. മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യയാണ് പൂള് എയില് ഒന്നാമത്. പാകിസ്താനും മൂന്ന് വിജയം സ്വന്തമായുണ്ടെങ്കിലും ഗോള് ശരാശരിയില് ഇന്ത്യക്ക് പിന്നിലാണ്. മൂന്ന് മത്സരങ്ങളില് നിന്ന് 36 ഗോളുകളടിച്ച ഇന്ത്യ വെറും മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്.