'ജാവലിൻ താരങ്ങൾക്ക് ഫിനിഷിങ്ങ് ലൈൻ ഇല്ല'; നീരജ് ചോപ്ര

കൂടുതൽ ഇന്ത്യൻ താരങ്ങൾ സുവർണ നേട്ടം സ്വന്തമാക്കണമെന്നും നീരജ്

dot image

ബുഡാപെസ്റ്റ്: ചരിത്രം തിരുത്തിക്കുറിക്കുവാനുള്ള ആവേശം. തന്റെ മേഖലയിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനുള്ള കഠിനാദ്ധ്വാനം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ചരിത്രം കുറിച്ചു. ജാവലിനിൽ നേടാൻ കഴിയുന്നതെല്ലാം 25കാരനായ ഈ ഹരിയാനക്കാരൻ സ്വന്തമാക്കി. ലോക അത്ലറ്റിക് ചാമ്പ്യൻ, ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് തുടങ്ങിയ നേട്ടങ്ങളൊക്കെ ചരിത്രത്തിൽ ആദ്യമായി നീരജ് സ്വന്തമാക്കി. ഇനിയൊന്നും നേടാനില്ലെന്ന ചിന്ത ഒരു കായിക താരത്തെ അലോസരപ്പെടുത്തിയേക്കാം. നീരജ് ഇവിടെയും വ്യത്യസ്തനാണ്. ഇനിയും ഏറെ നേടാൻ ഉണ്ടെന്ന് നീരജ് പറഞ്ഞുകഴിഞ്ഞു.

വരും വർഷങ്ങളിൽ വിജയങ്ങൾ ആവർത്തിക്കണം. കൂടുതൽ ഇന്ത്യൻ താരങ്ങൾ സുവർണ നേട്ടം സ്വന്തമാക്കണം. താൻ ഒരു ജാവലിൻ താരമാണ്. ജാവലിൻ താരങ്ങൾക്ക് ഫിനിഷിങ്ങ് ലൈൻ ഇല്ല. താൻ മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും. പ്രോത്സാഹനം തനിക്ക് ഒരു പ്രശ്നമല്ല. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറാൻ എപ്പോഴും അവസരങ്ങൾ ഉണ്ട്. അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കഴിവിന്റെ പരമാവധി ശ്രമിച്ചു. പരിക്കുപറ്റുമോ എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായും നീരജ് വ്യക്തമാക്കി.

ബുഡാപെസ്റ്റിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 88.17 ദൂരം ജാവലിൻ എത്തിച്ചാണ് നീരജ് സ്വർണ മെഡൽ സ്വന്തമാക്കിയത്. 90 മീറ്റർ ദൂരം ജാവലിൻ എറിയുകയാണ് തന്റെ ലക്ഷ്യമെന്ന് നീരജ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ ദൂരം പിന്നിട്ടതാണ് നീരജിൻ്റെ ഏറ്റവും മികച്ച പ്രകടനം. അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിംപിക്സിൽ നീരജിലൂടെ ഇന്ത്യ സ്വർണം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് കായികലോകം.

dot image
To advertise here,contact us
dot image