
ചെന്നൈ: ഏഷ്യന് ചാംപ്യന്സ് ട്രോഫി ഹോക്കിയില് ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. ബുധനാഴ്ച രാത്രി 8.30ന് ചെന്നൈയിലെ മേയര് രാധാകൃഷ്ണന് സ്റ്റേഡിയത്തിലാണ് ആരാധകര് ഏറെ കാത്തിരിക്കുന്ന മത്സരം. നിലവിലെ ചാംപ്യന്മാരായ കൊറിയയെ തകര്ത്ത് സെമി ഫൈനല് ഉറപ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. അതേസമയം ഗ്രൂപ്പിലെ നാലാം സ്ഥാനത്തുള്ള പാകിസ്താന് ഇന്നത്തെ മത്സരം നിര്ണായകമാണ്. സമനില നേടിയാല് പാകിസ്താന് സെമിയിലെത്താം. എന്നാല് ഇന്ത്യയോട് പരാജയപ്പെടുകയും ഗ്രൂപ്പില് അഞ്ചാമതുള്ള ജപ്പാന് വലിയ ഗോള് വ്യത്യാസത്തില് ചൈനയെ തോല്പ്പിക്കുകയും ചെയ്താല് പാക് പട ടൂര്ണമെന്റില് നിന്ന് പുറത്താകും.
ടൂര്ണമെന്റില് ഒരു വിജയവും രണ്ട് സമനിലയും ഒരു തോല്വിയുമാണ് പാകിസ്താന്റെ സമ്പാദ്യം. അതേസമയം ഒരു മത്സരം പോലും തോല്വി അറിയാതെയാണ് ഇന്ത്യയുടെ വരവ്. ഗ്രൂപ്പ് ഘട്ടങ്ങളിലെ നാല് മത്സരങ്ങളില് മൂന്ന് വിജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. അതേസമയം പെനാല്റ്റി കോര്ണറുകള് വഴങ്ങുന്നതിലും ലഭിക്കുന്ന കോര്ണറുകള് ഗോളാക്കി മാറ്റാന് കഴിയാത്തതും ഇന്ത്യന് ടീമിന്റെ പോരായ്മയാണ്. ജപ്പാനുമായുള്ള മത്സരത്തില് ലഭിച്ച 16 പെനാല്റ്റി കോര്ണറുകളില് ഒന്ന് മാത്രമാണ് ഇന്ത്യക്ക് ഗോളാക്കി മാറ്റാന് സാധിച്ചത്.
കണക്കുകളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. ഇതിനു മുന്പ് ഇരു ടീമുകളും 59 തവണയാണ് നേര്ക്കുനേര് എത്തിയത്. അതില് 28 തവണ വിജയിച്ചതും ഇന്ത്യയാണ്. 25 മത്സരങ്ങളിലാണ് പാക് പടയ്ക്ക് വിജയിക്കാന് സാധിച്ചത്. ആറ് മത്സരങ്ങള് സമനിലയില് അവസാനിച്ചു. കഴിഞ്ഞ ഏഷ്യന് ചാംപ്യന്സ് ട്രോഫിയില് പാകിസ്താനുമായി ഏറ്റുമുട്ടിയ രണ്ട് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.