രാഷ്ട്രീയ ഇടപെടല് തകര്ത്തെറിഞ്ഞ സിംബാബ്വെന് ക്രിക്കറ്റ്

ഇത്തവണ ലോകകപ്പ് യോഗ്യതയ്ക്ക് അടുത്ത് എത്തിയ സിംബാബ്വെയുടെ പുറത്താകല് അപ്രതീക്ഷിതമായിരുന്നു

dot image

സ്വന്തം നാട്ടില് നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില് ഏറ്റവും അധികം സാധ്യത കല്പ്പിക്കപ്പെട്ട ടീമായിരുന്നു സിംബാബ്വെ. തുടര്ച്ചയായ അഞ്ച് മത്സരങ്ങളില് വിജയങ്ങള്. അഞ്ചിലും 250ന് മുകളില് സ്കോര് ചെയ്തു. ശ്രീലങ്കയോടും നെതര്ലാന്ഡ്സിനോടും തോറ്റ് അപ്രതീക്ഷിതമായി ലോകകപ്പ് യോഗ്യത കാണാതെ സിംബാബ്വെ പുറത്തായി. 2019ന് പിന്നാലെ 2023 ലോകകപ്പിനും സിംബാബ്വെ ഉണ്ടാകില്ല.

തെക്കേ ആഫ്രിക്കയിലെ റൊഡീഷ്യ എന്നറിയപ്പെട്ടിരുന്ന ഒരു രാജ്യമായിരുന്നു മുമ്പ് സിംബാബ്വെ. കോളനിവത്ക്കരണത്തില് നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതോടെ 1980 മുതലാണ് റൊഡീഷ്യ സിംബാബ്വെ ആയത്. 1981 ഐസിസിയുടെ അസോസിയേറ്റ് രാജ്യമായി സിംബാബ്വെ ക്രിക്കറ്റ് ലോക ക്രിക്കറ്റ് ഭൂപടത്തില് ഇടംപിടിച്ചു. 1983ലെ മൂന്നാം ലോകകപ്പിന് സിംബാബ്വെയും ഉണ്ടായിരുന്നു. ലോകകപ്പിലെ ആറില് അഞ്ച് മത്സരങ്ങളും സിംബാബ്വെ തോറ്റു. ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില് ഓസ്ട്രേലിയയ്ക്കെതിരെ അട്ടിമറി വിജയം നേടി സിംബാബ്വെ വരവറിയിച്ചു. 13 റണ്സിനായിരുന്നു സിംബാബ്വെയുടെ വിജയം.

1987ല് ആറ് മത്സരങ്ങളിലും തോല്വി. ന്യൂസിലാന്ഡിനോട് വിജയത്തിന്റെ വക്കോളമെത്തിയ ശേഷം മൂന്ന് റണ്സിനായിരുന്നു സിംബാബ്വെയുടെ പരാജയം. 1992ലെ ലോകകപ്പില് വീണ്ടും ഒരു ജയം. ഇംഗ്ലണ്ടായിരുന്നു സിംബാബ്വെയ്ക്ക് മുന്നില് അടിപതറിയത്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറികളില് ഒന്നായിരുന്നു അന്ന് നടന്നത്. മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 134 റണ്സിന് തകര്ന്നടിഞ്ഞു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 125 റണ്സിന് സിംബാബ്വെ ബൗളര്മാര് എറിഞ്ഞിട്ടു. സിംബാബ്വെയ്ക്ക് ഒമ്പത് റണ്സിന്റെ ജയം. 21 റണ്സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത എഡോ ബ്രാന്ഡസ് ആണ് ഇംഗ്ലീഷ് ക്രിക്കറ്റിനെ തകര്ത്തെറിഞ്ഞത്.

1992ല് സിംബാബ്വെയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് പദവി ലഭിച്ചു. ടെസ്റ്റ് പദവി ലഭിക്കുന്ന ഒമ്പതാമത്തെ രാജ്യമാണ് സിംബാബ്വെ. ആദ്യ 30 ടെസ്റ്റില് ഒന്നില് മാത്രമാണ് സിംബാബ്വെ ജയിച്ചത്. പാകിസ്താനെ അവരുടെ നാട്ടില് തോല്പ്പിച്ചു. ഗ്രാന്ഡ് ഫ്ളവര് പുറത്താകാതെ നേടിയ 201 റണ്സും ഹീത് സ്ട്രീക്കിന്റെ രണ്ട് ഇന്നിംഗ്സുകളിലായി നേടിയ ഒന്പത് വിക്കറ്റും തുടങ്ങിയവയാണ് സിംബാബ്വെന് ജയത്തില് നിര്ണായകമായി. ഒമ്പതില് ആറ് വിക്കറ്റ് ഹീത് ആദ്യ ഇന്നിംഗ്സിലാണ് നേടിയത്. ഹെന്റി ഒലോംഗയിലൂടെ ആദ്യമായി സിംബാബ്വെന് ടീമില് ഒരു കറുത്ത വര്ഗക്കാരന് അരങ്ങേറിയതും ഈ മത്സരത്തിലായിരുന്നു.

1997 മുതല് 2002 വരെയുള്ള അഞ്ച് വര്ഷക്കാലമായിരുന്നു സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്ണ കാലഘട്ടം. ഏത് ടീമിനെയും അട്ടിമറിക്കാന് കഴിയുന്ന ടീമായി അവര് മാറി. സിംബാബ്വെന് ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരമായ വിക്കറ്റ് കീപ്പര് ബാറ്റര് ആന്ഡി ഫ്ളവര്, ഓള്റൗണ്ടറായ സഹോദരന് ഗ്രാന്ഡ് ഫ്ളവര്, ബാറ്റും ബോളും ഒരുപോലെ വഴങ്ങിയിരുന്ന ഓപ്പണിംഗ് ബാറ്ററായിരുന്ന അലിസ്റ്റര് കാംബല്, ടോപ് ഓര്ഡര് ബാറ്റര് മറെ ഗോഡ്വിന് ഓള് റൗണ്ടറുമാരായ ഹീത് സ്ട്രീക്ക്, ആന്ഡി ബ്ലിഗ്നോട്ട്, നീല് ജോണ്സണ്, ഡേവിഡ് ഹെപ്ബേണ് സ്പിന് നിരയില് പോള് സ്ട്രാങ്, ആഡം ഹക്കിള് പേസര് ഹെന്റി ഒലോംഗ എന്നിങ്ങനെ നീളുന്ന താരനിര.

രാജ്യത്തിന്റെ അതിര്ത്തികള് വിട്ട് സിംബാബ്വെന് ക്രിക്കറ്റ് ലോകം കീഴടക്കാന് തുടങ്ങി. 1998ല് പാകിസ്താനെ മൂന്ന് ടെസ്റ്റ് പരമ്പരയില് 1-0ത്തിന് തോല്പ്പിച്ചു. അതേ വര്ഷം ഹരാരെയില് നടന്ന ഏക ടെസ്റ്റ് മാത്രമുണ്ടായിരുന്ന പരമ്പരയില് ഇന്ത്യയെ 61 റണ്സിന് തോല്പ്പിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റന്സിയില് സച്ചിന്-ദ്രാവിഡ്-ഗാംഗുലി ത്രയങ്ങള് അടക്കം താരസമ്പന്നമായ ഇന്ത്യയെ ആയിരുന്നു സിംബാബ്വെ തകര്ത്തത്. ഇക്കാലയളവില് ടെസ്റ്റ് പദവിയുള്ളവരുമായി ഏറ്റുമുട്ടിയപ്പോള് ഓസ്ട്രേലിയയോട് മാത്രമായിരുന്നു സിംബാബ്വെയ്ക്ക് ജയിക്കാന് കഴിയാതിരുന്നത്.

1999 ലാണ് ലോകകപ്പിലെ സിംബാബ്വെയുടെ എക്കാലത്തെയും മികച്ച പ്രകടനം ഉണ്ടായത്. സൂപ്പര് സിക്സില് കടന്ന സിംബാബ്വെ ടൂര്ണമെന്റില് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് മത്സരത്തില് ഇന്ത്യയെ മൂന്ന് റണ്സിന് തോല്പ്പിച്ചു. മറ്റൊരു മത്സരത്തില് ദക്ഷിണാഫ്രിക്കയെ 48 റണ്സിന് തകര്ത്തു. അയല്ക്കാര്ക്കെതിരെയുള്ള സിംബാബ്വെയുടെ ആദ്യ ജയമായിരുന്നു അത്.

2003ലെ ലോകകപ്പിലും സിംബാബ്വെ തകര്പ്പന് പ്രകടനം ആവര്ത്തിച്ചു. സൂപ്പര് സിക്സില് കടന്ന സിംബാബ്വെ ടൂര്ണമെന്റില് ആറാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിംബാബ്വെന് ക്രിക്കറ്റിന്റെ തകര്ച്ചയുടെ തുടക്കം. ക്രിക്കറ്റ് താരങ്ങള്ക്കെതിരെ സിംബാബ്വെന് സര്ക്കാര് നിറത്തിന്റെ പേരില് വിവേചനം ആരംഭിച്ചു. ക്രിക്കറ്റ് ബോര്ഡില് ആധിപത്യം സ്ഥാപിക്കാന് സര്ക്കാര് ശ്രമിച്ചു. 2003 ലോകകപ്പിന് സിംബാബ്വെയും ദക്ഷിണാഫ്രിക്കയുമായിരുന്നു വേദികള്. ആന്ഡി ഫ്ളവറും ഒലോങ വോറും കറുത്ത ആം ബാന്ഡ് ധരിച്ച് കളത്തിലിറങ്ങി. സിംബാബ്വെയില് ജനാധിപത്യം മരിച്ചെന്നായിരുന്നു ഇരുവരുടെയും വാദം. ഇരുവരും ടീമില് നിന്ന് പുറത്താക്കപ്പെട്ടു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങിലൊന്നായിരുന്നു അത്.

2004 ല് ടീം നായകന് ഹീത് സ്ട്രീക്കിനെ സിംബാബ്വെന് ക്രിക്കറ്റ് യൂണിയന് പുറത്താക്കി. ക്രിക്കറ്റ് ബോര്ഡിലെ ഇടപെടലിൽ പ്രതിഷേധിച്ച് 14 താരങ്ങള് ടീമിന് പുറത്തുപോയി. 2005 ലെ ഓപ്പറേഷന് മുറംബാറ്റ്സ്വിന (പാഴ്വസ്തുക്കള് നീക്കം ചെയ്യുക) ക്രിക്കറ്റിനെ രാജ്യത്തെ സാമൂഹ്യസ്ഥിതിയെ മുഴുവന് ബാധിച്ചു. രാജ്യത്തെ ചേരികള് ഇല്ലാതാക്കാന് സിംബാബ്വെന് സര്ക്കാരിന്റെ തിരുമാനം ആയിരുന്നു ഇത്. യുഎന് കണക്കുകള് പ്രകാരം രാജ്യത്തെ ഏഴ് ലക്ഷം പേരുടെ ജീവിതസാഹചര്യങ്ങളെ തീരുമാനം നേരിട്ട് ബാധിച്ചു. രാജ്യത്തെ നിയമലംഘനങ്ങളെ അടിച്ചമര്ത്തുന്നുവെന്നാണ് സിംബാബ്വെന് സര്ക്കാര് ഇതിന് വിശദീകരണം നല്കിയത്. ചേരികള് നശിപ്പിക്കുമ്പോള് പകര്ച്ചവ്യാധികള് തടയാന് കഴിയുമെന്നും അവര് വ്യക്തമാക്കി.

സിംബാബ്വെന് ക്രിക്കറ്റ് താരങ്ങളും സര്ക്കാര് പ്രതിനിധികളും പരസ്പരം എതിര്ത്ത് നിന്നതോടെ പ്രതിസന്ധിയും തുടര്ന്നു. 2006 ല് സിംബാബ്വെയിലെ ആഭ്യന്തര ക്രിക്കറ്റായ ലോഗാന് കപ്പ് താല്ക്കാലികമായി മാറ്റി വെയ്ക്കപ്പെട്ടു. സിംബാബ്വെയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് താരങ്ങള്ക്ക് പ്രതിഫലം പോലും ലഭിച്ചില്ല.

ആറ് വര്ഷത്തിന് ശേഷം 2011ല് സിംബാബ്വെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു. മൂന്ന് വര്ഷത്തേയ്ക്ക് സിംബാബ്വെന് ആഭ്യന്തര രാജ്യന്തര ക്രിക്കറ്റിനെ സ്പോണ്സര് ചെയ്യാന് റീബോക്ക് രംഗത്തെത്തി. എന്നാല് 2014 ട്വന്റി 20 ലോകകപ്പില് ആദ്യ റൗണ്ടില് പുറത്തായ ശേഷം സിംബാബ്വെന് ക്രിക്കറ്റില് പ്രശ്നങ്ങള് വീണ്ടും തുടങ്ങി. 2017ല് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സിംബാബ്വെ 3-2ന് ജയിച്ചു. വിജയമെന്നത് സിംബാബ്വെന് ക്രിക്കറ്റില് വല്ലപ്പോഴും സംഭവിക്കുന്ന കാര്യമായി. 2019 ഏകദിന ലോകകപ്പിന് സിംബാബ്വെയ്ക്ക് യോഗ്യത നേടാനായില്ല. പിന്നാലെ ക്രിക്കറ്റ് ബോര്ഡിലെ അമിതമായ ഇടപെടലിനെ തുടര്ന്ന് സിംബാബ്വെയെ ഐസിസി സസ്പെന്ഡ് ചെയ്തു.

ഐസിസി തീരുമാനത്തില് പ്രതിഷേധിച്ച് സിംബാബ്വെന് താരം സിക്കന്ദര് റാസ രംഗത്തെത്തി. തീരുമാനം താരങ്ങളെ അപരിചിതരാക്കി, നിരവധിപേരുടെ ജോലി നഷ്ടപ്പെടുത്തി, കുടുംബങ്ങള്ക്ക് തിരിച്ചടിയായി, പല താരങ്ങളുടെയും കരിയര് അവസാനിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് താന് ഇങ്ങനെയല്ല വിടപറയാന് ആഗ്രഹിച്ചതെന്നും സിക്കന്ദര് റാസ വ്യക്തമാക്കി. ആരാധകരുടെ വേദനയും ഒരു കാലത്ത് ക്രിക്കറ്റിലെ ശക്തികളായി ഉയര്ന്ന് വന്ന സിംബാബ്വെന് ക്രിക്കറ്റിന്റെ ഓര്മ്മകളും റാസയുടെ വാക്കുകളില് ഉണ്ടായിരുന്നു. പിന്നീട് ഐസിസി സിംബാബ്വെന് ക്രിക്കറ്റിന്റെ വിലക്ക് പിന്വലിച്ചു. പക്ഷേ കളിക്കളത്തില് പഴയ സിംബാബ്വെന് കരുത്ത് മാത്രം തിരിച്ചുവന്നില്ല.

dot image
To advertise here,contact us
dot image