
ലണ്ടന്: യൂറോ കപ്പില് പോര്ച്ചുഗല് സെമി കാണാതെ പുറത്തായതിന് പിന്നാലെ സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കെതിരെ വിമര്ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെ റൊണാള്ഡോ പോര്ച്ചുഗല് ടീം വിടണോയെന്ന ചോദ്യത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര് യുണൈറ്റഡില് റൊണാള്ഡോയുടെ സഹതാരവുമായിരുന്ന റിയോ ഫെര്ഡിനാന്ഡ്. കോപ്പയില് മെസ്സി ഇതുവരെ ഒരു ഗോള് പോലും നേടിയിട്ടില്ലെന്നും അപ്പോള് ഒരു വിമര്ശനവും കണ്ടില്ലെന്നുമാണ് ഫെര്ഡിനാന്ഡ് സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്.
യൂറോ കപ്പില് റൊണാള്ഡോ മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന് സമ്മതിച്ച ഫെര്ഡിനാന്ഡ് കോപ്പയില് മെസ്സിക്കും സമാനമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി. വിമര്ശകര് മെസ്സിക്ക് നേരെ കണ്ണടച്ചിരിക്കുകയാണെന്നും റൊണാള്ഡോയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
'ഇത്തവണ തെറ്റ് എന്റേതാണ്'; ബ്രസീല് ആരാധകരോട് മാപ്പുപറഞ്ഞ് വിനീഷ്യസ് ജൂനിയർ'റൊണാള്ഡോയ്ക്ക് മികച്ച ടൂര്ണമെന്റായിരുന്നില്ല എന്നത് സത്യമാണ്. അദ്ദേഹം മുന്പ് കളിച്ചിരുന്ന നിലവാരത്തിലല്ല ഇത്തവണ കളിച്ചത്. റൊണാള്ഡോ ദേശീയ ടീം വിടണമെന്ന് പറയുന്നതിലൂടെ നിങ്ങള് അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്', ഫെര്ഡിനാന്ഡ് പറഞ്ഞു.
'അദ്ദേഹം പോര്ച്ചുഗലിന് വേണ്ടി ഇതുവരെ ചെയ്തത് പരിഗണിച്ചാല് നിങ്ങള്ക്ക് ഒരിക്കലും അങ്ങനെ പറയാനാവില്ല. റൊണാള്ഡോയ്ക്ക് മുന്പ് പോര്ച്ചുഗല് എന്തായിരുന്നു? മെസ്സി ഇതുവരെ കോപ്പ അമേരിക്കയില് ഗോള് അടിച്ചിട്ടില്ല. അതിനെ കുറിച്ച് ആരും ഒന്നും പറയുന്നത് ഞാന് ഇതുവരെ കേട്ടിട്ടില്ല', ഫെര്ഡിനാന്ഡ് കൂട്ടിച്ചേര്ത്തു.