ഐ ലീഗിലെ സ്റ്റാർ വിങ്ങർ; ലാൽതൻമാവിയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കളിയിലെ മികച്ച വൈദഗ്ധ്യവും പന്തടക്കവും കൊണ്ട് വേഗത്തിൽ ആക്രമണങ്ങൾ കെട്ടിപ്പടുക്കാൻ കഴിവുമുള്ള താരമാണ് ലാൽതൻമാവിയ

dot image

കൊച്ചി: മൂന്ന് വർഷത്തെ കരാറിൽ വിങ്ങർ ആർ ലാൽതൻമാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻമാവിയ കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കളിയിലെ മികച്ച വൈദഗ്ധ്യവും പന്തടക്കവും കൊണ്ട് വേഗത്തിൽ ആക്രമണങ്ങൾ കെട്ടിപ്പടുക്കാൻ കഴിവുള്ള താരമാണ് ലാൽതൻമാവിയ.

മിസോറാമിൽ ജനിച്ച ലാൽതൻമാവിയ ഐസ്വാൾ എഫ്സിയുടെ അണ്ടർ-14 ടീമിലൂടെ ആണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ക്ലബിൻ്റെ യൂത്ത് സംവിധാനത്തിലൂടെ വളർന്ന ലാൽതൻമാവിയ ഐസ്വാളിൻ്റെ യൂത്ത് ടീമുകളിലൂടെ മുന്നേറി, ഒടുവിൽ 2022-23 ഐ-ലീഗ് സീസണിൽ ഐസ്വാൾ എഫ്സിയുടെ സീനിയർ ടീമിൽ ഇടം നേടി. ആ സീസണിൽ 20 ഐ-ലീഗ് മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 5 അസിസ്റ്റുകളും നൽകുകയും ചെയ്തു. അതിനുശേഷം, ഐ-ലീഗ്, സൂപ്പർ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ ഐസ്വാൾ എഫ്സിയെ പ്രതിനിധീകരിച്ച് ടീമിലെ സ്ഥിര അംഗമായി. ഐസ്വാൾ എഫ് സിക്കായി 42 മത്സരങ്ങളിൽ നിന്നായി 5 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

'ലാൽതൻമാവിയ ഒരു യുവ കളിക്കാരനാണ്, സ്ക്വാഡിനായി മികച്ച മുന്നേറ്റങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹം ഒരുപാട് മേഖലകളിൽ ഇനിയും മികച്ചതാവേണ്ടതുണ്ട്, അതേസമയം അദ്ദേഹത്തിന്റെ കഴിവുകൾ എന്തൊക്കെയാണെന്ന് ഞങ്ങൾക്ക് അറിയാം, അതുകൊണ്ട് തന്നെ അദ്ദേഹം മികച്ചതാകുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്'. പുതിയ ബ്ലാസ്റ്റേഴ്സ് കരോലിസ് സ്കിൻകിസ് പ്രതികരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലൊരു വലിയ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലാൽതൻമാവിയ പറഞ്ഞു. 'എന്റെ കഴിവിൽ വിശ്വാസം പ്രകടിപ്പിച്ചതിന് ക്ലബ് മാനേജ്മെന്റിനോട് ഞാൻ നന്ദിയുള്ളവനാണ്. വരാനിരിക്കുന്ന സീസണിൽ എനിക്ക് സാധ്യമായ എല്ലാ വിധത്തിലും ഞാൻ ടീമിന്റെ വിജയത്തിനായി സംഭാവന നൽകും'. താരം കൂട്ടിച്ചേർത്തു.

ലാൽതൻമാവിയയുടെ വരവ് ടീമിൻ്റെ മുന്നേറ്റ നിരയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തായ്ലൻഡിൽ ജൂലൈ 3 മുതൽ തുടങ്ങുന്ന പ്രീസീസൺ സ്ക്വാഡിനൊപ്പം ലാൽതൻമാവിയ ചേരും.

ദുബെ സേഫ്; ജഡേജയ്ക്ക് പകരമായെങ്കിലും സഞ്ജു എത്തുമോ ?
dot image
To advertise here,contact us
dot image