സൂപ്പര് സബ്ബായി കോണ്സെയ്സോ; ഇഞ്ചുറി ടൈമില് വിജയം നുണഞ്ഞ് പറങ്കിപ്പട

ഫ്രാന്സിസ്കോ കോണ്സെയ്സോയാണ് പോര്ച്ചുഗലിന്റെ വിജയഗോള് നേടിയത്

dot image

ലെപ്സിഗ്: യൂറോ കപ്പില് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കും പോര്ച്ചുഗലിനും വിജയത്തുടക്കം. ഗ്രൂപ്പ് എഫില് ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്. പകരക്കാരനായി എത്തിയ ഫ്രാന്സിസ്കോ കോണ്സെയ്സോ ഇഞ്ചുറി ടൈമില് നേടിയ ഗോളിലാണ് പോര്ച്ചുഗല് മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.

ആദ്യപകുതിയിലുടനീളം പോര്ച്ചുഗീസ് ആക്രമണങ്ങളുടെ മുനയൊടിക്കാന് ചെക്ക് റിപ്പബ്ലിക്ക് പ്രതിരോധത്തിന് സാധിച്ചു. ബ്രൂണോ ഫര്ണാണ്ടസും ബര്ണാഡോ സില്വയും ഡിയോഗോ ഡാലോട്ടും വിറ്റിഞ്ഞ്യയും നിരന്തരം ചെക്ക് റിപ്പബ്ലിക്കന് ഗോള്മുഖത്ത് നിലകൊണ്ടു. ക്രിസ്റ്റ്യാനോ റൊണാള്ഡോയും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. റൊണാള്ഡോയുടെ ഷോട്ട് അവിശ്വസനീയമായ സേവിലൂടെ ചെക്ക് ഗോള് കീപ്പര് സ്റ്റാനെക് തടഞ്ഞു.

ഗോള്രഹിതമായ രണ്ടാം പകുതിക്ക് ശേഷം മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നു. ആ നേരമത്രയും ആക്രമണങ്ങള് അഴിച്ചുവിട്ട പറങ്കിപ്പടയെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വല കുലുക്കിയത്. 62-ാം മിനിറ്റില് ലൂക്കാസ് പ്രൊവിഡിലൂടെ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തി. വ്ളാഡിമിര് കൗഫാല് കൊടുത്ത പന്ത് മികച്ച ഷോട്ട് പ്രൊവാഡ് വലയിലെത്തിച്ചു.

ഗോള് വഴങ്ങിയതോടെ പോര്ച്ചുഗല് ആക്രമണത്തിന് മൂര്ച്ച കൂട്ടി. ഇതിന്റെ ഫലമായി 69-ാം മിനിറ്റില് പറങ്കിപ്പട സമനില പിടിച്ചു. ചെക്ക് റിപ്പബ്ലിക്ക് സെന്റര്ബാക്ക് റോബിന് റാനാക്കിന്റെ സെല്ഫ് ഗോളാണ് പറങ്കിപ്പടയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വലതുഭാഗത്തുനിന്ന് വിറ്റിഞ്ഞ്യ ബോക്സിലേക്ക് നല്കിയ പന്തിലെ ന്യൂനോ മെന്ഡെസിന്റെ ഹെഡറാണ് ഗോളില് കലാശിച്ചത്. മെന്ഡെസിന്റെ ഹെഡര് ചെക്ക് ഗോള് കീപ്പര് തടുത്തിട്ടത് റാനാക്കിന്റെ കാലില് തട്ടി വലയിലേക്കെത്തുകയായിരുന്നു.

ഒപ്പമെത്തിയതിന് ശേഷം വിജയഗോളിനുള്ള ശ്രമമായി. 87-ാം മിനിറ്റില് ഡിയോഗോ ജോട്ടയിലൂടെ പോര്ച്ചുഗല് ലീഡെടുത്തുവെങ്കിലും ബില്ഡ് അപ്പില് റൊണാള്ഡോ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയതോടെ ഗോള് നിഷേധിക്കപ്പെട്ടു. എന്നാല് പോര്ച്ചുഗല് തളര്ന്നില്ല. 90-ാം മിനിറ്റില് നടത്തിയ മൂന്ന് മാറ്റങ്ങള് പോര്ച്ചുഗലിന്റെ വിധിയെഴുതി. പകരക്കാരനായി ഇറങ്ങിയ ഫ്രാന്സിസ്കോ കോണ്സെയ്സോയുടെ കിടിലന് ഗോളില് പറങ്കിപ്പട വിജയിച്ചുകയറി.

dot image
To advertise here,contact us
dot image