
മ്യൂണിച്ച്: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില് വെടിക്കെട്ട് വിജയത്തോടെ വരവറിയിച്ച് ജര്മ്മനി. സ്കോട്ട്ലന്ഡിനെതിരായ മത്സരത്തില് ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വമ്പന് വിജയമാണ് ആതിഥേയര് സ്വന്തമാക്കിയത്. ആദ്യ പകുതിയില് തന്നെ ജര്മ്മനി എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് മുന്നിലെത്തിയിരുന്നു.
Kicking off #EURO2024 in style 🖤❤️💛#DFB #GermanFootball #GermanMNT #EURO2024 #GERSCO
— German Football (@DFB_Team_EN) June 14, 2024
📸 DFB/ Philipp Reinhard pic.twitter.com/q0SEf64EZf
സ്കോട്ടിഷ് പടയ്ക്ക് മേല് സമ്പൂര്ണ്ണ ആധിപത്യം പുലര്ത്തിയ ജര്മ്മനി പത്താം മിനിറ്റില് തന്നെ വെടിക്കെട്ടിന് തുടക്കമിട്ടു. ലെവര്കൂസന് മിഡ്ഫീല്ഡര് ഫ്ളോറിയന് വിര്റ്റ്സാണ് ആതിഥേയരുടെ ആദ്യ ഗോള് നേടിയത്. അധികം വൈകാതെ ജര്മ്മനി ലീഡുയര്ത്തി. 19-ാം മിനിറ്റില് മികച്ച മുന്നേറ്റത്തിലൂടെ ജമാല് മുസിയാലയാണ് സ്കോര് ഇരട്ടിയാക്കിയത്.
ആദ്യപകുതിക്ക് പിരിയാന് ഒരു മിനിറ്റ് ബാക്കിനില്ക്കെ മാരക ടാക്ക്ള് നടത്തിയതിന് പ്രതിരോധ താരം റയാന് പോര്ട്ടോസ് ചുവപ്പ് കാര്ഡ് കണ്ട് പുറത്തായതോടെ സ്കോട്ട്ലന്ഡ് പത്തുപേരിലേക്ക് ചുരുങ്ങി. ജര്മ്മനിക്ക് അനുകൂലമായി പെനാല്റ്റിയും വിധിക്കപ്പെട്ടു. കിക്കെടുത്ത കൈ ഹാവേര്ട്സ് പന്ത് അനായാസം വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും ജര്മ്മനി ആക്രമണം കടുപ്പിച്ചു. 68-ാം മിനിറ്റില് നിക്ലാസ് ഫുള്കര്ഗിന്റെ പവര്ഫുള് സ്ട്രൈക്കിലൂടെ സ്കോട്ടിഷ് വല നാലാം തവണയും കുലുങ്ങി. മത്സരത്തിന്റെ 87-ാം മിനിറ്റില് അന്റോണിയോ റുദിഗറിന്റെ ഓണ്ഗോളാണ് സ്കോട്ട്ലന്ഡിന് ആശ്വാസഗോളായി മാറിയത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില് എംറെ കാനിലൂടെ അഞ്ചാം ഗോള് നേടിയതോടെ ജര്മ്മനി വിജയം പൂര്ത്തിയാക്കി.