/sports-new/football/2024/05/07/kerala-blasters-fc-imposed-fine-of-rs-1-crore-on-coach-ivan-vukomanovic-report

ഇവാന് വുകോമാനോവിച്ചിന് ബ്ലാസ്റ്റേഴ്സ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു; റിപ്പോര്ട്ട് പുറത്ത്

ഇവാന് വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു

dot image

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന് പരിശീലകന് ഇവാന് വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്ട്ടുകള്. ഐഎസ്എല് 2022-23 സീസണില് ബെംഗളൂരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില് താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില് ബ്ലാസ്റ്റേഴ്സിന് വുകോമനോവിച്ച് ഒരു കോടി രൂപ പിഴയൊടുക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തത്.

2023 മാര്ച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിന്റെ ചരിത്രത്തില് തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്. ബെംഗളൂരു ക്യാപ്റ്റന് സുനില് ഛേത്രി വിവാദ ഗോള് നേടിയതിന് ശേഷം മത്സരം പാതി വഴിയില് അവസാനിപ്പിച്ച് പരിശീലകന് ഇവാന് വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. സംഭവത്തില് ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന് (എഐഎഫ്എഫ്) നാല് കോടി രൂപ ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴയായി ചുമത്തുകയും ചെയ്തിരുന്നു.

പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്ക്കേണ്ടത്. എന്നാല് ബെംഗളൂരു എഫ്സിയുമായുള്ള വിവാദത്തില് തെറ്റ് ഇവാന് വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല് അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്ന്ന് ഇവാന് ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്ട്ട് ഓഫ് ആര്ബിട്രേഷന് ഫോര് സ്പോര്ട്സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്.

ഏപ്രില് 26ന് ഇവാന് വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സും വുകോമാനോവിച്ചും തമ്മില് പരസ്പര ധാരണയോടെയാണ് വേര്പിരിയുന്നതെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. ഐഎസ്എല് 2023-24 സീസണില് സെമിഫൈനല് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us