'വിടപറയാനാവില്ല, നമ്മള് വീണ്ടും കണ്ടുമുട്ടും'; വൈകാരികമായ വിടവാങ്ങല് കുറിപ്പുമായി ഇവാന് ആശാന്

പിച്ചിലേക്ക് ഓരോ തവണ പ്രവേശിക്കുമ്പോഴും എനിക്ക് രോമാഞ്ചം ഉണ്ടാവാറുണ്ട്. എന്റെ കണ്ണുകള് ഈറനണിയാറുണ്ട്

dot image

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി പറഞ്ഞ് പരിശീലകന് ഇവാന് വുകോമനോവിച്ച്. ദിവസങ്ങള്ക്കു മുന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകന് ഇവാന് വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേര്പിരിഞ്ഞത്. മാനേജ്മെന്റ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. അതിനുശേഷം ആദ്യമായാണ് ഇവാന് ഔദ്യോഗികമായി പ്രതികരിച്ച് രംഗത്തെത്തുന്നത്.

ഇവാന്റെ വൈകാരികമായ വിടവാങ്ങല് കുറിപ്പാണ് ഇപ്പോള് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തോടും ആരാധകരോടും തനിക്കുണ്ടായ അടുപ്പവും സ്നേഹവും ഒരിക്കലും മറക്കില്ല. ആരാധകര് നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും ഇവാന് ഇന്സ്റ്റഗ്രാമില് കുറിച്ചു.

ഇവാന് വുകോമനോവിച്ചിന്റെ വിടവാങ്ങല് കുറിപ്പിന്റെ പൂര്ണരൂപം:

'പ്രിയപ്പെട്ട കേരളത്തിന്,

കണ്ണുനിറയാതെ ഈ വാക്കുകള് എഴുതുവാന് എനിക്ക് കഴിയുന്നില്ല. ജീവിതത്തില് മുന്നോട്ടേക്ക് പോകുന്നതിന് വേണ്ടി ചില തീരുമാനങ്ങള് എടുക്കേണ്ടി വരും. ഈ തീരുമാനമെടുക്കേണ്ടി വന്നത് എനിക്കും ക്ലബ്ബിനും കഠിനമായിരുന്നു എന്നുറപ്പുണ്ട്.

കേരളത്തില് വന്ന നിമിഷം മുതല് എനിക്ക് വലിയ ആദരവും സ്നേഹവും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ നാടിനോടും ആള്ക്കാരോടും വൈകാരികമായി കണക്ട് ചെയ്യാന് പെട്ടെന്ന് തന്നെ എനിക്ക് കഴിഞ്ഞു. മനസ്സിനും ഹൃദയത്തിനും സമാധാനം ലഭിച്ചു. ഇവിടം ഒരു കുടുംബം പോലെ തോന്നി. അതിശയിപ്പിക്കുന്ന ഒരു ജനതയുടെ ഭാഗമാണ് ഞാനെന്ന് തോന്നി. എന്റെ കുടുംബത്തില് നിന്ന് വിട്ടുനില്ക്കുകയാണെന്ന് തോന്നിപ്പിക്കാതിരുന്നതിന് എല്ലാവരോടും നന്ദി പറയുന്നു. നിങ്ങള് എല്ലാവരും എനിക്ക് കുടുംബമായി, വീടായി.

മത്സരങ്ങള്, പരിശീലനങ്ങള്, യാത്രകള്, കൂടിക്കാഴ്ചകള്, വിജയ പരാജയങ്ങള്, സന്തോഷം, നിരാശ, കണ്ണീര് എല്ലാത്തിലും നമ്മള് ഒപ്പമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള മഞ്ഞക്കുപ്പായക്കാരുടെ ഹൃദയത്തില് വലിയ ചിരി തിരിച്ചുകൊണ്ടുവരാന് നമുക്ക് സാധിച്ചു. നമ്മള് ഒരു ടീം, ഗ്രൂപ്പ്, വ്യക്തിത്വം, പ്രതീക്ഷ സൃഷ്ടിക്കാന് നമുക്ക് കഴിഞ്ഞു. വലിയ കോട്ട തന്നെ നമ്മള് സൃഷ്ടിച്ചു. നമ്മുടെ കണ്ണുകളിലെ തീക്ഷ്ണത കണ്ട് എതിരാളികള് ഭയപ്പെടുന്ന സ്ഥലമാക്കി കൊച്ചി സ്റ്റേഡിയത്തെ മാറ്റി. അതെല്ലാം ഈ സവിശേഷമായ യാത്രയില് വലിയ ഭാഗമായി. ഇതെല്ലാം നമ്മുടെ ഹൃദയത്തില് സ്വര്ണലിപികളാല് എഴുതി സൂക്ഷിക്കപ്പെടും.

നന്ദി ആശാൻ; ഇവാൻ വുകുമാനോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, സ്ഥിരീകരിച്ച് മാനേജ്മെൻ്റ്

എന്റെ കളിക്കാരോട്, നിങ്ങളുടെ കഠിനാധ്വാനത്തിനും സമര്പ്പണത്തിനും പ്രതിബദ്ധതയ്ക്കും സൗഹൃദങ്ങള്ക്കും ഓര്മ്മകള്ക്കും എല്ലാത്തിനും നന്ദി. മികച്ച കളിക്കാരെന്ന നിലയിലും മനുഷ്യനെന്ന നിലയിലും നിങ്ങള് എല്ലാവരും വളരുന്നത് കാണുന്നതില് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. നിങ്ങളുടെ സന്ദേശങ്ങള്ക്ക് നന്ദി. സ്റ്റാഫുകളോടും മാനേജ്മെന്റ് അംഗങ്ങളോടും മാധ്യമസുഹൃത്തുക്കളോടും നന്ദി.

എന്റെ പ്രിയപ്പെട്ട ആരാധകരോട്, നിങ്ങള് ഈ ലോകത്തെ മുഴുവനും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെ പോലെ ഈ ലോകത്ത് മറ്റാരുമില്ല. നിങ്ങളുടെ ശബ്ദം, പ്രതിധ്വനി, ശക്തി, ആത്മാര്ത്ഥത, സ്നേഹം എന്നിവയ്ക്ക് തുല്യമായി ഈ ലോകത്ത് മറ്റൊന്നുമില്ല. നിങ്ങള് വൈകാരികതയുടെ മഞ്ഞക്കടലാണ്. പിച്ചിലേക്ക് ഓരോ തവണ പ്രവേശിക്കുമ്പോഴും എനിക്ക് രോമാഞ്ചം ഉണ്ടാവാറുണ്ട്. എന്റെ കണ്ണുകള് ഈറനണിയാറുണ്ട്. നിങ്ങളുടെ പിന്തുണയിലാണ് നമ്മള് ഒരുപാട് മത്സരങ്ങള് വിജയിച്ചത്.

സസ്പെന്ഷന് ശേഷം ഗ്രൗണ്ടില് തിരിച്ചെത്തിയ ആ നിമിഷം എനിക്ക് മറക്കാനാവില്ല. ആ വികാര നിമിഷങ്ങള്ക്ക് നന്ദി. എന്റെ ജീവിതകാലം മുഴുവന് ആ നിമിഷങ്ങള് ഞാന് അത് ഓര്ത്തിരിക്കും. മഞ്ചേശ്വരം മുതല് തിരുവനന്തപുരം വരെയുള്ള എല്ലാ നഗരങ്ങളും എനിക്ക് വീട് പോലെയായിരുന്നു. എല്ലാവര്ക്കും ഹൃദയത്തിന്റെ അടിത്തട്ടില് നിന്ന് നന്ദിയറിയിക്കുന്നു. പക്ഷേ എല്ലാത്തിനും ഒടുവില് യാത്ര പറയാന് എനിക്ക് കഴിയില്ലെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. കാരണം ജീവിതത്തില് എവിടെ വച്ചെങ്കിലും നമ്മള് വീണ്ടും കണ്ടുമുട്ടുമെന്ന് നമുക്കറിയാം.

കേരള ഐ ലവ് യൂ,

എന്നും നിങ്ങളുടെ ഇവാന് ആശാന്'

dot image
To advertise here,contact us
dot image