
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് തകര്പ്പന് വിജയത്തോടെ മാഞ്ചസ്റ്റര് സിറ്റി ഒന്നാമത്. ലൂട്ടണ് ടൗണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്ക് തകര്ത്താണ് സിറ്റി പോയിന്റ് പട്ടികയില് ഒന്നാമതെത്തിയത്. മതേവു കൊവാസിച്, എര്ലിങ് ഹാലണ്ട്, ജെറമി ഡോക്കു, ജോസ്കോ ഗ്വാര്ഡിയോള് എന്നിവര് സിറ്റിക്കായി വലകുലുക്കി. ലുട്ടണ് താരം ഡൈകി ഹഷിയോകയുടെ വകയായിരുന്നു ഒരു ഗോള്. റോസ് ബാര്ക്ലി ലൂട്ടണ് വേണ്ടി ആശ്വാസ ഗോള് നേടി.
4️⃣1️⃣ games unbeaten at the Etihad! 🏰#ManCity pic.twitter.com/Dbqt287Ynb
— Manchester City (@ManCity) April 13, 2024
എത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തിന്റെ തുടക്കത്തില് തന്നെ സിറ്റി ലീഡെടുത്തു. രണ്ടാം മിനിറ്റില് ഡൈകി ഹാഷിയോകയുടെ സെല്ഫ് ഗോളാണ് സിറ്റിയെ മുന്നിലെത്തിച്ചത്. പിന്നീടുള്ള അഞ്ച് ഗോളുകളും മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പിറന്നത്. 64-ാം മിനിറ്റില് മതേവു കൊവാസിച്ചിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. 76-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് എര്ലിങ് ഹാലണ്ട് സിറ്റിയുടെ മൂന്നാം ഗോള് നേടി.
81-ാം മിനിറ്റില് റോസ് ബാര്ക്ലിയിലൂടെ ലൂട്ടണ് ഒരു ഗോള് മടക്കി. 87-ാം മിനിറ്റില് ജെറെമി ഡോകുവും ഇഞ്ച്വറി ടൈമില് ജോസ്കോ ഗ്വാര്ഡിയോളും ഗോള് നേടിയതോടെ സിറ്റി ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ ആഴ്സണലിനെ മറികടന്ന് ഒന്നാമതെത്താന് സിറ്റിക്ക് സാധിച്ചു. 32 മത്സരങ്ങളില് നിന്ന് 73 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം.