
മാഡ്രിഡ്: ലാ ലീഗയില് തകര്പ്പന് വിജയം സ്വന്തമാക്കി ബാഴ്സലോണ. അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്ക്കാണ് ബാഴ്സലോണ തകര്ത്തത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി റോബര്ട്ട് ലെവന്ഡോവ്സ്കി കളം നിറഞ്ഞപ്പോള് ജാവോ ഫെലിക്സ്, ഫെര്മിന് ലോപസ് എന്നിവരും ബാഴ്സയ്ക്ക് വേണ്ടി വല കുലുക്കി. വിജയത്തോടെ ജിറോണ എഫ്സിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്സയ്ക്ക് സാധിച്ചു.
💥💥💥 FULL TIME!!! 💥💥💥 pic.twitter.com/6sNGCleQ71
— FC Barcelona (@FCBarcelona) March 17, 2024
സ്വന്തം തട്ടകമായ മെട്രോപൊളിറ്റന് സ്റ്റേഡിയത്തില് അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല് 38-ാം മിനിറ്റില് ജാവോ ഫെലിക്സിലൂടെ ബാഴ്സ മെട്രോപൊളിറ്റനെ നിശബ്ദമാക്കി. ലെവന്ഡോസ്കിയുടെ മിന്നും അസിസ്റ്റാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. അതിനിടെ മാച്ച് ഒഫീഷ്യല്സിനോട് തയര്ത്തതിന് ബാഴ്സ കോച്ച് സാവിക്ക് ചുവപ്പുകാര്ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. ആദ്യ പകുതി സന്ദര്ശകര്ക്ക് അനുകൂലമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ബാഴ്സ സ്കോര് ഇരട്ടിയാക്കി. ഇത്തവണ ലെവന്ഡോവ്സ്കിയുടെ കിടിലന് ഫിനിഷ്. റഫീഞ്ഞ നല്കിയ പാസ് വലതുവിങ്ങിലൂടെ ബോക്സിലേക്ക് മുന്നേറിയാണ് ലെവന്ഡോസ്കി അത്ലറ്റികോയുടെ വല കുലുക്കിയത്.
മെസ്സിയുടെ പരിക്ക് വീണ്ടും വില്ലനാകുന്നു; അര്ജന്റീനയുടെ സൗഹൃദ മത്സരങ്ങളും നഷ്ടമായേക്കും65-ാം മിനിറ്റില് ഫെര്മിന് ലോപസിലൂടെ കറ്റാലന്മാരുടെ മൂന്നാം ഗോളും പിറന്നു. വലതുവിങ്ങിലൂടെ പിറന്ന മുന്നേറ്റത്തില് നിന്ന് ലെവന്ഡോവ്സ്കി നല്കിയ ക്രോസ് മനോഹരമായ ഹെഡറിലൂടെ ലോപസ് വലയിലെത്തിച്ചു. ഇതോടെ ബാഴ്സ മൂന്ന് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിച്ചു. വിജയത്തോടെ 29 മത്സരങ്ങളില് നിന്ന് 64 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്തെത്തി. 55 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് അഞ്ചാമതാണ്.