
കൊല്ക്കത്ത: ഇന്ത്യന് സൂപ്പര് ലീഗ് പത്താം പതിപ്പിന്റെ രണ്ടാം പകുതി മത്സരങ്ങള് പുരോഗമിക്കുകയാണ്. ഇതിനിടെ ആരാധകരെ ഞെട്ടിക്കുന്ന നീക്കത്തിന് ഒരുങ്ങുകയാണ് മുന് ചാമ്പ്യന്മാരായ മോഹന് ബഗാന് സൂപ്പര് ജയന്റ്സ്. മോഹന് ബഗാന്റെ പ്രധാന താരങ്ങളില് ഒരാളായ ഹ്യൂഗോ ബൗമസിനെ ക്ലബ്ബില് നിന്ന് പുറത്താക്കിയെന്നാണ് ഇപ്പോള് വരുന്ന റിപ്പോര്ട്ടുകള്.
ഫ്രഞ്ച് അറ്റാക്കിങ് മിഡ്ഫീല്ഡറായ ബൗമസിനെ ഇതിനോടകം തന്നെ ഐഎസ്എല് സ്ക്വാഡില് നിന്ന് ക്ലബ്ബ് നീക്കിയിട്ടുണ്ട്. 'ഗുഡ്ബൈ എന്ന വാക്ക് പറയാന് ഞാന് എന്നെത്തന്നെ നിര്ബന്ധിക്കുകയാണ്. എന്റെ ഹൃദയം ഒരിക്കലും പറയുന്നില്ലെങ്കിലും', ഇതിന് പിന്നാലെ ബൗമസ് ഫേസ്ബുക്കില് കുറിച്ചു.
ഹ്യൂഗോ ബൗമസും പരിശീലകന് അന്റോണിയോ ലോപസ് ഹബാസും തമ്മിലുള്ള പ്രശ്നങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്ട്ടുകള്. ബൗമസുമായുള്ള കരാര് അവസാനിപ്പിക്കാനാണ് സാധ്യത. അതേസമയം ഹ്യൂഗോ ബൗമസിന് പകരക്കാരനായി ജോണി കൗകോയെ സ്ക്വാഡില് ഉള്പ്പെടുത്തി. മോഹന് ബഗാന് വേണ്ടി മികച്ച പ്രകടനങ്ങള് പുറത്തെടുത്ത കൗകോ പരിക്കേറ്റ് ദീര്ഘ കാലമായി ക്ലബ്ബിന് പുറത്തായിരുന്നു.
ഐഎസ്എല്; ഒഡീഷയെ സമനിലയില് തളച്ച് എഫ്സി ഗോവകഴിഞ്ഞ രണ്ട് സീസണുകളില് മോഹന് ബഗാന് വേണ്ടി ബൂട്ടണിയുന്ന താരമാണ് ബൗമസ്. മുംബൈ സിറ്റി എഫ്സി താരമായിരുന്ന ബൗമസ് ഐഎസ്എല്ലില് മുന്പ് എഫ്സി ഗോവയുടെയും ഭാഗമായിരുന്നു. മുംബൈ സിറ്റിയോടൊപ്പം രണ്ട് തവണ ലീഗ് കിരീടം ഉയര്ത്താന് ബൗമസിന് സാധിച്ചു. മോഹന് ബഗാനൊപ്പം ഒരു ഐഎസ്എല് കിരീടവും ഒരു ഡ്യൂറണ്ട് കപ്പും നേടി.