
കൊച്ചി: മഞ്ഞപ്പടയ്ക്കും കൊമ്പന്മാർക്കും ആവേശത്തിന്റെ ക്രിസ്മസ്. ഐഎസ്എല്ലില് മുംബൈയ്ക്കെതിരെ തകർപ്പന് വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കൊച്ചി ജവഹർലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്ക് കൊമ്പന്മാർ വിജയിച്ചു.
ആദ്യപകുതിയില് നേടിയ രണ്ട് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയത്. അഡ്രിയാന് ലൂണ അടക്കമുള്ള പ്രധാന താരങ്ങള് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തില് ഇറങ്ങിയത്. ആദ്യ പകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാന് ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ആക്രമിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് 11-ാം മിനിറ്റില് തന്നെ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ ക്വാമെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവില് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ ദിമിത്രിയോസ് ഡയമന്റകോസാണ് ആദ്യ ഗോള് നേടിയത്. സീസണില് താരം നേടുന്ന ആറാം ഗോളാണിത്.
മുംബൈയ്ക്ക് കൊമ്പന്മാരുടെ ഡബിള് ഷോക്ക്; ആദ്യ പകുതിയില് ബ്ലാസ്റ്റേഴ്സ് മുന്നില്ഗോള് വഴങ്ങിയതിന് പിന്നാലെ മുംബൈ ആക്രമിച്ച് കളിക്കാന് തുടങ്ങി. ജയേഷ് റാണയുടെ ഒരു ഷോട്ട് പോസ്റ്റില് തട്ടി മടങ്ങി. നവോച സിങ്ങിന്റെ ഒരു മിസ്പാസില് നിന്ന് മുംബൈയ്ക്ക് ഒരു അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള് കീപ്പര് സച്ചിന് സുരേഷ് രക്ഷകനായി. 45-ാം മിനിറ്റില് മലയാളി താരം രാഹുല് കെ പിക്ക് സുവര്ണാവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റില് തട്ടി പുറത്തുപോയി. എന്നാല് അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് ദിമിത്രിയോസിന്റെ അസിസ്റ്റില് നിന്ന് പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള് നേടിയത്.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സില് നിന്ന് മികച്ച മുന്നേറ്റങ്ങള് ഉണ്ടായി. ക്വാമെ പെപ്ര പലപ്പോഴും മുംബൈ ഗോള്മുഖത്ത് അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള മുംബൈയുടെ പരിശ്രമങ്ങള്ക്ക് ലെസ്കോവിച്ചും മിലോസ് ഡ്രിന്സിച്ചും അടങ്ങിയ ഡിഫന്സിനെ മറികടക്കാനായില്ല. രണ്ടാം പകുതി ഗോള് രഹിതമായതോടെ ബ്ലാസ്റ്റേഴ്സ് ആധികാരിക വിജയം ഉറപ്പിച്ചു.
വിജയത്തോടെ ബ്ലാസ്റ്റേഴ്സ് 23 പോയിന്റുള്ള എഫ്സി ഗോവയ്ക്ക് ഒപ്പമെത്തി. ഗോള് വ്യത്യാസത്തില് ഗോവ മുന്നിലായതുകൊണ്ട് ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും. 19 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്സി.