മുംബൈയ്ക്ക് കൊമ്പന്മാരുടെ ഡബിള് ഷോക്ക്; ആദ്യ പകുതിയില് ബ്ലാസ്റ്റേഴ്സ് മുന്നില്

കൊച്ചിയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്

dot image

കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗില് മുംബൈയ്ക്കെതിരായ മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്യുന്നു. കൊച്ചിയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള് എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് ബ്ലാസ്റ്റേഴ്സ് മുന്നിലാണ്. ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകള് നേടിയത്.

അഡ്രിയാന് ലൂണ അടക്കമുള്ള പ്രധാന താരങ്ങള് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തില് ഇറങ്ങിയത്. ആദ്യ പകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാന് ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ആക്രമിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് 11-ാം മിനിറ്റില് തന്നെ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ ക്വാമെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവില് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ ദിമിത്രിയോസ് ഡയമന്റകോസാണ് ആദ്യ ഗോള് നേടിയത്. സീസണില് താരം നേടുന്ന ആറാം ഗോളാണിത്.

ഗോള് വഴങ്ങിയതിന് പിന്നാലെ മുംബൈ ആക്രമിച്ച് കളിക്കാന് തുടങ്ങി. ജയേഷ് റാണയുടെ ഒരു ഷോട്ട് പോസ്റ്റില് തട്ടി മടങ്ങി. നവോച സിങ്ങിന്റെ ഒരു മിസ്പാസില് നിന്ന് മുംബൈയ്ക്ക് ഒരു അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള് കീപ്പര് സച്ചിന് സുരേഷ് രക്ഷകനായി. 45-ാം മിനിറ്റില് മലയാളി താരം രാഹുല് കെ പിക്ക് സുവര്ണാവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റില് തട്ടി പുറത്തുപോയി. എന്നാല് അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് ദിമിത്രിയോസിന്റെ അസിസ്റ്റില് നിന്ന് പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള് നേടിയത്.

dot image
To advertise here,contact us
dot image