അത് മെസ്സിയല്ല; എംഎല്എസിലെ മികച്ച പുതുമുഖത്തിനുള്ള അവാര്ഡ് അറ്റ്ലാന്റ യുണൈറ്റഡ് താരത്തിന്

പുരസ്കാരത്തിന് അർഹരായ മികച്ച മൂന്ന് താരങ്ങളുടെ അവസാന പട്ടികയില് ലയണൽ മെസ്സിയും ഇടംപിടിച്ചിരുന്നു

dot image

ഫ്ളോറിഡ: ഇന്റർ മയാമി താരം ലയണൽ മെസ്സിയെ പിന്തള്ളി മേജർ ലീഗ് സോക്കറിലെ പുതുമുഖ താരത്തിനുള്ള പുരസ്കാരം അറ്റ്ലാന്റ യുണൈറ്റഡ് താരം സ്വന്തമാക്കി. അറ്റ്ലാന്റയുടെ സ്ട്രൈക്കർ ജിയോർഗോസ് ജിയാകൂമാക്കിസിനെയാണ് 2023-ലെ മേജർ ലീഗ് സോക്കറിലെ പുതുമുഖ താരമായി തെരഞ്ഞെടുത്തത്. പുരസ്കാരത്തിന് അർഹരായ മികച്ച മൂന്ന് താരങ്ങളുടെ അവസാന പട്ടികയില് ലയണൽ മെസ്സിയും ഇടംപിടിച്ചിരുന്നു. എന്നാൽ സൂപ്പര് താരത്തെ മറികടന്ന് 28 കാരനായ ഗ്രീസ് ഇന്റർനാഷണല് പുരസ്കാരം നേടിയെടുക്കുകയായിരുന്നു.

അറ്റ്ലാന്റ യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ 27 മത്സരങ്ങളിൽ 17 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ജിയാകൂമാക്കിസ് നേടിയത്. 2023 ഫെബ്രുവരിയിൽ സ്കോട്ടിഷ് ക്ലബ്ബായ കെൽറ്റിക്കിൽ നിന്നാണ് ജിയാകൂമാക്കിസ് അറ്റ്ലാന്റ യുണൈറ്റഡിലെത്തുന്നത്. കെൽറ്റിക്കിൽ നിന്ന് 5 മില്യൺ ഡോളറിന് താരത്തെ എംഎൽഎസ് ക്ലബ്ബ് സ്വന്തമാക്കുകയായിരുന്നു.

ക്ലബ്ബിലെ ടെക്നിക്കൽ സ്റ്റാഫ്, മീഡിയ എന്നിവരിൽ നിന്നുള്ള 45.8% വോട്ടുകൾ നേടിയാണ് ജിയാകൂമാക്കിസ് ഒന്നാമതെത്തിയത്. മെസ്സിയ്ക്ക് 27.3% മാത്രം വോട്ടുകളാണ് ലഭിച്ചത്. പട്ടികയിലെ മറ്റൊരു ഫൈനലിസ്റ്റായ സെന്റ് ലൂയിസ് സിറ്റി എസ്സിയിലെ എഡ്വേർഡ് ലോവൻ 15.4% വോട്ട് നേടി മൂന്നാമതെത്തുകയായിരുന്നു.

ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജര്മ്മനില് നിന്ന് മയാമിയിലേക്കെത്തിയ മെസ്സി ഏഴ് മത്സരങ്ങളാണ് സീസണില് കളിച്ചത്. ടീമിലെത്തിയതിനു പിന്നാലെ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിക്കാന് മെസ്സിക്ക് സാധിച്ചു. മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. എംഎല്എസില് തുടര്ച്ചയായ 11 മത്സരങ്ങളില് പരാജയമറിയാതെ നില്ക്കുകയായിരുന്നു മയാമിയെ വിജയവഴിയിലെത്തിച്ചായിരുന്നു മെസ്സിയുടെ വരവ്. മെസ്സി മയാമി ജഴ്സിയില് ഇറങ്ങിയ ആദ്യ മത്സരത്തില് തന്നെ ടീം വിജയിച്ചു കയറി.

സെപ്റ്റംബറിൽ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ പരിക്കേറ്റതിനാൽ മെസ്സിക്ക് എംഎൽഎസിൽ അധികം മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല. മെസ്സിക്ക് പരിക്കേറ്റത് മയാമിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. പോയിന്റ് പട്ടികയില് അവസാന സ്ഥാനത്തായത് മയാമിക്ക് തിരിച്ചടിയായി. മെസ്സി തുടർച്ചയായി വിട്ടുനിന്നതോടെ മിയാമിക്ക് എംഎൽഎസ് പ്ലേഓഫുകളിൽ സ്ഥാനം നഷ്ടമാവുകയും ചെയ്തു. എട്ടാം ബലോൻ ദ് ഓർ പുരസ്കാരം നേടിയ മെസ്സി ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നേടി മയാമിക്ക് വേണ്ടി അടിച്ചുകൂട്ടിയത്.

dot image
To advertise here,contact us
dot image