ഹാലണ്ടും അല്വാരസും തിളങ്ങി; ബ്രൈറ്റണെ തകര്ത്ത് സിറ്റി ഒന്നാമത്

ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു സിറ്റിയുടെ വിജയം

dot image

മാഞ്ചസ്റ്റര്: ഇംഗ്ലീഷ് പ്രീമിയര് ലീഗിൽ ബ്രൈറ്റണെ തോല്പ്പിച്ച് മാഞ്ചസ്റ്റര് സിറ്റി ലീഗില് ഒന്നാം സ്ഥാനത്ത്. ഇത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു സിറ്റിയുടെ വിജയം. ആദ്യ പകുതിയില് എര്ലിങ് ഹാലണ്ടും ജൂലിയന് അല്വാരസും സിറ്റിക്ക് വേണ്ടി വല കുലുക്കി. അന്സു ഫാത്തിയാണ് ബ്രൈറ്റന്റെ ആശ്വാസഗോള് നേടിയത്.

സ്വന്തം തട്ടകത്തില് നടന്ന മത്സരത്തില് തുടക്കം തന്നെ ലീഡെടുക്കാന് സിറ്റിക്ക് കഴിഞ്ഞു. ഏഴാം മിനിറ്റില് ജൂലിയന് അല്വാരസ് ആയിരുന്നു സിറ്റിയുടെ ആദ്യ ഗോള് നേടിയത്. വിങ്ങര് ജെറെമി ഡോകുവിന്റെ അസിസ്റ്റില് നിന്നായിരുന്നു ഗോള്. 19-ാം മിനിറ്റില് എര്ലിങ് ഹാലണ്ട് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയിലുടനീളം ലീഡും ആധിപത്യവും തുടരാന് സിറ്റിയ്ക്കായി.

രണ്ടാം പകുതിയില് ബ്രൈറ്റണ് കൂടുതല് ആക്രമിച്ചുകളിക്കാന് തുടങ്ങി. സമനില കണ്ടെത്താന് കൂടുതല് പരിശ്രമിച്ച ബ്രൈറ്റണ് മികച്ച ഗോളവസരങ്ങളും ലഭിച്ചു. ലെഫ്റ്റ് വിങ്ങറായ കൗരു മിറ്റോമയുടെ രണ്ട് നല്ല അവസരങ്ങള് ലക്ഷ്യത്തിലെത്തിയില്ല. പകരക്കാരനായി ഇറങ്ങിയ അന്സു ഫാത്തി 71-ാം മിനിറ്റില് ഒരു ഗോള് തിരിച്ചടിച്ചുവെങ്കിലും പരാജയം ഒഴിവാക്കാന് കഴിഞ്ഞില്ല. വിജയത്തോടെ ഒന്പത് മത്സരങ്ങളില് നിന്ന് 21 പോയിന്റുമായി ലീഗില് ഒന്നാം സ്ഥാനത്തെത്തി. ബ്രൈറ്റണ് 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

dot image
To advertise here,contact us
dot image