'ഹാലണ്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്'; റാസ്മസ് ഹോയ്ലണ്ട്

ഒക്ടോബര് 29ന് നടക്കുന്ന മാഞ്ചസ്റ്റര് ഡെര്ബിയില് ഇരുതാരങ്ങളും നേര്ക്കുനേര് എത്തും

dot image

മാഞ്ചസ്റ്റര്: മാഞ്ചസ്റ്റര് സിറ്റിയുടെ സൂപ്പര് താരം എര്ലിങ് ഹാലണ്ടിന്റെ നിലവാരത്തിലുള്ള ഒരു സ്ട്രൈക്കര് ആവാനാണ് തന്റെ ആഗ്രഹമെന്ന് മാഞ്ചസ്റ്റര് യുണൈറ്റഡ് താരം റാസ്മസ് ഹോയ്ലണ്ട്. ലോകത്തിലെ മികച്ച സ്ട്രൈക്കറാണ് ഹാലണ്ട്. അദ്ദേഹത്തിന് തന്റേതായ ഒരു ക്ലാസ് ഉണ്ടെന്നും ഹാലണ്ടുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും ഹോയ്ലണ്ട് പറഞ്ഞു.

'ഒരുദിവസം എനിക്ക് അദ്ദേഹത്തിന്റെ നിലവാരത്തിലെത്താന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഇപ്പോള് അങ്ങനെയുള്ള താരതമ്യപ്പെടുത്തലുകള് വളരെ നേരത്തെയാണെന്ന് ഞാന് കരുതുന്നു. എങ്ങനെ നോക്കിയാലും ലോകത്തിലെ മികച്ച സ്ട്രൈക്കര് അല്ലെങ്കില് മികച്ച ഫുട്ബോള് താരം എര്ലിങ്ങാണ്', ഹോയ്ലണ്ട് പറഞ്ഞു.

'അദ്ദേഹവുമായി തന്നെ താരതമ്യപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. പക്ഷേ ഒരുദിവസം തീര്ച്ചയായും അദ്ദേഹത്തെപ്പോലെ ആവാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആര്ക്കറിയാം? എനിക്ക് വെറും 20 വയസ്സാണുള്ളത്. എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം', താരം കൂട്ടിച്ചേര്ത്തു.

കഴിഞ്ഞ ഓഗസ്റ്റിലാണ് റാസ്മസ് ഹോയ്ലണ്ട് മാഞ്ചസ്റ്റര് യുണൈറ്റഡിലെത്തിയത്. രണ്ട് വര്ഷമായി സിറ്റിയുടെ നീലകുപ്പായത്തില് കളിക്കുന്ന നോര്വേയുടെ സൂപ്പര് താരം എര്ലിങ് ഹാലണ്ട് മികച്ച ഫോമിലാണുള്ളത്. ഒക്ടോബര് 29ന് നടക്കുന്ന മാഞ്ചസ്റ്റര് ഡെര്ബിയില് ഇരുതാരങ്ങളും നേര്ക്കുനേരെയെത്തും. ഈ വര്ഷം ജൂണില് എഫ് എ കപ്പ് ഫൈനലിലാണ് സിറ്റിയും യുണൈറ്റഡും അവസാനമായി ഏറ്റുമുട്ടിയത്.

dot image
To advertise here,contact us
dot image