
ബുഡാപെസ്റ്റ്: ലോകകപ്പ് യോഗ്യത റൗണ്ടില് അര്ജന്റീനയ്ക്ക് തുടര്ച്ചയായ മൂന്നാം വിജയം. പരാഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്ത്താണ് നിലവിലെ ലോക ചാമ്പ്യന്മാര് വിജയം സ്വന്തമാക്കിയത്. സൂപ്പര് താരം ലയണല് മെസ്സി പകരക്കാരനായി ഇറങ്ങിയ മത്സരത്തില് സെന്റര് ബാക്ക് താരം നിക്കോളാസ് ഒറ്റമെന്ഡിയാണ് അര്ജന്റീനയുടെ വിജയഗോള് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളില് മൂന്നും വിജയിച്ച അര്ജന്റീന ഒന്പത് പോയിന്റുമായി ലോകകപ്പ് യോഗ്യത പോരാട്ടങ്ങളില് ഒന്നാമതാണ്.
ലയണല് മെസ്സിയില്ലാത്ത ആദ്യ ഇലവനില് തകര്പ്പന് ഫോമിലുള്ള ജൂലിയന് അല്വാരസ്, ലൗത്താരോ മാര്ട്ടിനസ് എന്നിവര്ക്ക് പരിശീലകന് സ്കലോണി ഇടംനല്കിയിരുന്നു. പരിക്കേറ്റ സൂപ്പര് താരം ഏഞ്ചല് ഡി മരിയക്ക് പകരം വിങ്ങര് നിക്കോളാസ് ഗോണ്സാലസും കളത്തിലിറങ്ങി. മെസ്സിയുടെ അഭാവത്തില് ഒറ്റമെന്ഡിയായിരുന്നു അര്ജന്റീനയുടെ ക്യാപ്റ്റന്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിലായിരുന്നു അര്ജന്റീന ലീഡെടുത്തത്. റോഡ്രിഗോ ഡിപോള് എടുത്ത കോര്ണര് കിക്ക് അതിമനോഹരമായ വോളിയിലൂടെ ഒറ്റമെന്ഡി പരാഗ്വേയുടെ വലയിലെത്തിച്ചു. ഗോളിന് ശേഷവും അര്ജന്റീന നിരവധി അവസരങ്ങള് സൃഷ്ടിച്ചെങ്കിലും കൂടുതല് ഗോള് മാത്രം പിറന്നില്ല.
രണ്ടാം പകുതിയില് 53-ാം മിനിറ്റില് അല്വാരസിന് പകരക്കാരനായി മെസ്സിയെത്തിയതോടെ ആക്രമണത്തിന്റെ വേഗത കൂടി. പരാഗ്വെ ഗോള്മുഖത്ത് പലതവണ അര്ജന്റൈന് മുന്നേറ്റനിര ഇരച്ചെത്തിയെങ്കിലും രണ്ടാം ഗോള് പിറന്നില്ല. മെസ്സിയടിച്ചതില് രണ്ട് തവണ പന്ത് പോസ്റ്റില് തട്ടിമടങ്ങി. ആദ്യം മനോഹരമായ ഒരു കോര്ണര് കിക്ക് ക്രോസ്ബാറില് തട്ടിമടങ്ങിയപ്പോള് മറ്റൊരുതവണ ഫ്രീകിക്കാണ് പോസ്റ്റില് തട്ടിമടങ്ങിയത്.