സുനിൽ ഛേത്രി തിരിച്ചു വന്നു; ബെംഗളൂരു ജയിച്ചു തുടങ്ങി

ക്ലെയ്റ്റന് സില്വയുടെയും നന്ദകുമാർ ശേഖരിന്റെയും വെല്ലുവിളികളെ ബെംഗളൂരു അതിജീവിച്ചു

dot image

ബെംഗളൂരു: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്ക് ആദ്യ ജയം. കടുത്ത പോരാട്ടത്തിനൊടുവിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ ജയം. ഏഷ്യൻ ഗെയിംസിന് ശേഷം മടങ്ങിയെത്തിയ സുനിൽ ഛേത്രിയും സ്പാനിഷ് മധ്യനിര താരം ജാവി ഹെർണാണ്ടസും ബെംഗളൂരുവിന് മികച്ച ജയം ഒരുക്കി. ഈസ്റ്റ് ബംഗാൾ നായകൻ ക്ലെയ്റ്റന് സില്വയുടെയും വിങ്ങർ നന്ദകുമാർ ശേഖറിന്റെയും കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരു ആദ്യ ജയം നേടിയത്.

ആദ്യ പകുതി ഈസ്റ്റ് ബംഗാൾ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. 15-ാം മിനിറ്റിൽ മഹേഷ് സിംഗ് ബെംഗളൂരു വല ചലിപ്പിച്ചു. പക്ഷേ ആദ്യ ഗോളിന്റെ സന്തോഷം അധിക സമയം നീണ്ടില്ല. 19-ാം മിനിറ്റിൽ ബെംഗളൂരു ഒപ്പമെത്തി. ഈസ്റ്റ് ബെംഗാൾ പെനാൽറ്റി ബോക്സിൽ സുനിൽ ഛേത്രിയെ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. പിഴവുകളില്ലാതെ ബെംഗളൂരു നായകൻ കിക്ക് വലയിലെത്തിച്ചു. പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ഇരുവശങ്ങളിലൂടെയും ഇരച്ചെത്തിയ ഈസ്റ്റ് ബംഗാൾ താരങ്ങൾ ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാൽ ലോങ് ബോൾ പാസിലൂടെ ബെംഗളൂരു എല്ലാ നീക്കങ്ങളെയും തട്ടികയറ്റി.

ഗോളുകൾ വീഴാതെ മത്സരം മത്സരം നീണ്ടു. 72-ാം മിനിറ്റു വരെ മത്സരം നീണ്ട ശേഷമാണ് ബെംഗളൂരുവിന്റെ വിജയഗോൾ പിറന്നത്. സുനിൽ ഛേത്രിയുടെ ഹെഡർ വലതുകാലിൽ സ്വീകരിച്ച ജാവി ഹെർണാണ്ടസ് കിടിലൻ കിക്കിലൂടെ വലകുലുക്കി. മത്സരത്തിൽ ലീഡ് നേടിയതോടെ ബെംഗളൂരു പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവശേഷിച്ച സമയം ഗോൾ വഴങ്ങാതിരിക്കാൻ ബെംഗളൂരു നന്നായി ശ്രദ്ധിച്ചു. ഒടുവിൽ 2-1ന് ബെംഗളൂരുവിന് ആദ്യ ജയം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image