
ന്യൂയോര്ക്ക്: പരിക്കേറ്റ സൂപ്പര് താരം ലയണല് മെസ്സിക്ക് ഇന്റര് മയാമിയുടെ അടുത്ത മത്സരങ്ങളും നഷ്ടമാവുമെന്ന് റിപ്പോര്ട്ടുകള്. മേജര് ലീഗ് സോക്കറില് ന്യൂയോര്ക്ക് സിറ്റി എഫ്സിയുമായുള്ള മത്സരവും മെസ്സിയ്ക്ക് നഷ്ടമായിരുന്നു. മെസ്സിയില്ലാതെ ഞായറാഴ്ച നടന്ന മത്സരം സമനിലയില് പിരിയുകയാണ് ചെയ്തത്. ഇതിനുശേഷമാണ് ഇന്റര് മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളിലും മെസ്സി ഉണ്ടാകില്ലെന്ന് കോച്ച് ജെറാര്ഡോ മാര്ട്ടിനോ അറിയിച്ചത്.
'മെസ്സിയെ വെച്ച് ഒരു റിസ്ക് എടുക്കാനും ഞങ്ങള് തയ്യാറല്ല. ഇപ്പോള് അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യകതയും കുറവാണ്. അദ്ദേഹം ചിക്കോഗോയ്ക്ക് എതിരെ മത്സരിക്കാന് ചിലപ്പോള് തയ്യാറായേക്കാം. അങ്ങനെ വന്നാല് മിക്കവാറും അദ്ദേഹം ബെഞ്ചിലായിരിക്കാം. പക്ഷേ അതിലും ഒരു അപകട സാധ്യതയുള്ളത് കൊണ്ട് അദ്ദേഹത്തെ മാറ്റിനിര്ത്തേണ്ടിവരും. എഫ്സി സിന്സിനാറ്റിക്കെതിരെയുള്ള മത്സരത്തിലും അങ്ങനെത്തന്നെയായിരിക്കും', മാര്ട്ടിനോ പറഞ്ഞു.
മെസ്സിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും മാര്ട്ടിനോ വെളിപ്പെടുത്തി. 'അദ്ദേഹം പരിശീലനത്തില് തിരിച്ചെത്തിയിട്ടുണ്ട്. ശുഭവാര്ത്ത എന്താണെന്നാല് മെസ്സി ഫിറ്റ്നസ് വേഗത്തില് തിരിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിന്സിനാറ്റിക്കെതിരെ അദ്ദേഹം ബൂട്ടണിയാനുള്ള നല്ല സാധ്യതയുമുണ്ട്. നമ്മുടെ സൂപ്പര് താരം എത്രയും വേഗത്തില് സുഖം പ്രാപിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം', മാര്ട്ടിനോ കൂട്ടിച്ചേര്ത്തു.
Inter Miami have a plan for Lionel Messi's return to action after injury.#Messi #MLS #InterMiami #soccer #footballhttps://t.co/1hlRQXWn6G
— AS USA (@English_AS) October 2, 2023
സെപ്റ്റംബര് 20ന് ടൊറാന്റോ എഫ്സിക്കെതിരെ നടന്ന മത്സരത്തിലാണ് ലയണല് മെസ്സിക്ക് പരിക്കേറ്റത്. തുടര്ന്ന് ഒര്ലാന്ഡോയിലെ ലീഗ് മത്സരങ്ങളും ഹ്യൂസ്റ്റണ് ഡൈനാമോയുമായുള്ള യുഎസ് ഓപ്പണ് കപ്പ് ഫൈനലും മെസ്സിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. മെസ്സിയുടെ അഭാവത്തില് യുഎസ് ഓപ്പണ് കപ്പ് ഫൈനലിന് ഇറങ്ങിയ മയാമി ഹ്യൂസ്റ്റണോട് തോല്വി വഴങ്ങുകയും ലീഗില് ഒര്ലാന്ഡോയോട് സമനിലയില് പിരിയുകയും ചെയ്തിരുന്നു. ഒക്ടോബര് ഒന്നിന് ന്യൂയോര്ക്ക് സിറ്റി എഫ്സിയുമായി നടന്ന മത്സരവും സമനിലയില് അവസാനിച്ചതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്ക്ക് തിരിച്ചടിയായിരിക്കുകയാണ്.