
ഹാങ്ചൗ: 2023 ഏഷ്യന് ഗെയിംസ് ഫുട്ബോളില് ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തകര്ത്തത്. പെനാല്റ്റിയിലൂടെ നായകന് സുനില് ഛേത്രിയാണ് ബ്ലൂ ടൈഗേഴ്സിന് വിജയം സമ്മാനിച്ചത്. വിജയത്തിലൂടെ പ്രീ ക്വാര്ട്ടര് പ്രതീക്ഷ നിലനിര്ത്താന് ഇന്ത്യക്കായി.
ഗ്രൂപ്പ് എയില് നടന്ന മത്സരത്തില് ഇന്ത്യ ആക്രമിച്ചുകളിച്ചെങ്കിലും ഗോള് മാത്രം വിട്ടുനിന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ ഗോള് പിറന്നത്. 83-ാം മിനിറ്റില് ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്റ്റിയാണ് ഗോളിന് വഴി വെച്ചത്. ബംഗ്ലാദേശ് ക്യാപ്റ്റന് റഹ്മത് മിയ ഇന്ത്യയുടെ ബ്രൈസ് മിറാന്ഡയെ വീഴ്ത്തിയതിനെത്തുടര്ന്ന് റഫറി പെനാല്റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രി അനായാസം പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് അടിച്ചുകയറ്റി. 2023 ലെ ഏഷ്യന് ഗെയിംസ് ഫുട്ബോളില് ഇന്ത്യ ആദ്യ വിജയമുറപ്പിക്കുകയും ചെയ്തു.
ഗെയിംസിലെ ആദ്യ മത്സരത്തില് ചൈനക്കെതിരെ ഇന്ത്യക്ക് കനത്ത തോല്വി വഴങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കായിരുന്നു ഇന്ത്യയുടെ തോല്വി. മലയാളി താരം രാഹുല് കെ പിയാണ് ഇന്ത്യയുടെ ഏകഗോള് നേടിയത്. സെപ്റ്റംബര് 24ന് നടക്കുന്ന അടുത്ത മത്സരത്തില് ഇന്ത്യ മ്യാന്മറിനെ നേരിടും.