
ന്യൂഡല്ഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്ക്കും എഎഫ്സി ഏഷ്യന് കപ്പിനും മുന്നോടിയായുള്ള അണ്ടര്-23 ദേശീയ ക്യാമ്പിന് വേണ്ടി താരങ്ങളെ വിട്ടുതരണമെന്ന് ഇന്ത്യന് ഫുട്ബോള് കോച്ച് ഇഗോര് സ്റ്റിമാക്. ഏഷ്യന് ഗെയിംസ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്, ഏഷ്യ കപ്പ് ഉള്പ്പെടെയുള്ള നിര്ണായക മത്സരങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതുകൊണ്ട് കുറച്ച് ദിവസങ്ങളിലെ ക്യാംപുകള് കൊണ്ട് കാര്യമില്ലെന്നും ദൈര്ഘ്യമേറിയ ദേശീയ ക്യാമ്പുകളാണ് വേണ്ടതെന്നും സ്റ്റിമാക് പറഞ്ഞു.
എല്ലാ ഐഎസ്എല് ക്ലബ്ബുകളോടും ഞാന് അഭ്യര്ത്ഥിക്കുന്നു എന്ന് തുടങ്ങുന്ന നീണ്ട കുറിപ്പാണ് സ്റ്റിമാക് സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റ് ചെയ്തത്. 'ഇന്ത്യന് ഫുട്ബോള് അതിന്റെ നിര്ണായകമായ വഴിയിലാണ് ഇപ്പോഴുള്ളത്. നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനും ഒരു സംസ്കാരവും സന്തുലിതാവസ്ഥയും ഉണ്ടാക്കിയെടുക്കുന്നതിനും കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മള് പരിശ്രമിക്കുകയാണ്. ദേശീയ ടീമിനെ പിന്തുണക്കുന്നത് തുടരണമെന്ന് എല്ലാ ക്ലബ്ബുകളോടും ഞാന് അഭ്യര്ത്ഥിക്കുന്നു',
വരുന്ന മാസങ്ങളില് ചില പ്രധാന ടൂര്ണമെന്റുകളാണ് നമുക്ക് മുന്പിലുള്ളത്. എഎഫ്സി അണ്ടര്23 യോഗ്യതാ മത്സരങ്ങള്, ഏഷ്യന് ഗെയിംസ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്, എഎഫ്സി ഏഷ്യന് കപ്പ് എന്നീ ടൂര്ണമെന്റുകളാണ് വരുന്നത്. ഒറ്റ രാഷ്ട്രമെന്ന നിലയില് നമുക്ക് ഏഷ്യയിലെയും ലോകത്തിലെയും ഫുട്ബോള് വമ്പന്മാര്ക്കെതിരെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തുകയും നമ്മളെ നിസ്സാരമായി കാണരുതെന്ന് തെളിക്കുകയും ചേയ്യേണ്ടതുണ്ടെന്നും സ്റ്റിമാക് കുറിച്ചു.
ഓഗസ്റ്റ് 12ന് ഭുവനേശ്വറിലാണ് പരിശീലന ക്യാംപ് ആരംഭിക്കുന്നത്. അതിനിടെ ദേശീയ ക്യാംപിലേക്ക് കളിക്കാരെ വിട്ടുനല്കില്ലെന്ന് ഐഎസ്എല് ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്സിയും ഓള് ഇന്ത്യന് ഫുട്ബോള് ഫെഡറേഷന് (എഐഎഫ്എഫ്) കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഭ്യര്ത്ഥനയുമായി കോച്ച് രംഗത്തെത്തിയത്.