
ഗുവാഹത്തി: ഇന്ത്യൻ മധ്യനിര താരം ഫൾഗുനി സിങ്ങിനെ ടീമിലെത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. രണ്ട് വർഷത്തേയ്ക്കാണ് നിലവിലെ കരാർ. വീണ്ടും ഒരു വർഷത്തേയ്ക്ക് കൂടി കരാർ നീട്ടുവാനും കഴിയും. 28-കാരനായ ഫൽഗുനി ഐ-ലീഗ് ക്ലബ് ശ്രീനിധി ഡെക്കാനിൽ നിന്നാണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. മുമ്പ് ട്രാവു എഫ്സിക്ക് വേണ്ടിയും ഫൽഗുനി ഐ-ലീഗ് കളിച്ചിട്ടുണ്ട്.
ഫൽഗുനി ആകെ 48 മത്സരങ്ങളാണ് ഐ ലീഗിൽ കളിച്ചിട്ടുള്ളത്. നാല് ഗോൾ നേടുകയും ഏഴ് ഗോളുകൾക്ക് അവസരം ഒരുക്കുകയും ചെയ്തു. പുതിയ ടീമിനോട് ചേരുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്ന് ഫൽഗുനി പ്രതികരിച്ചു. തനിക്ക് ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണെന്നും ഫൽഗുനി വ്യക്തമാക്കി. പരിശീലകൻ ജുവാൻ പെഡ്രോയും ഫൽഗുനിയെ ടീമിലേക്ക് സ്വാഗതം ചെയ്തു. സാങ്കേതിക തികവുള്ള ഫൽഗുനിയുടെ സാന്നിധ്യം ആത്മവിശ്വാസം നൽകുന്നതായും ജുവാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഐഎസ്എല്ലിൽ അവസാന സ്ഥാനക്കാരായാണ് നോർത്ത് ഈസ്റ്റ് ഫിനിഷ് ചെയ്തത്. ഒരേയൊരു ജയം മാത്രമാണ് നോർത്ത് ഈസ്റ്റ് സീസണിൽ നേടിയത്. അടുത്ത സീസണിലേക്ക് കാര്യമായ തയ്യാറെടുപ്പുകൾ നോർത്ത് ഈസ്റ്റ് നടത്തുകയാണ്. പരിശീലകനായി ജുവാൻ പെഡ്രോ ബെനാലിയെ നിയമിച്ചു. ഫ്രഞ്ച് താരം റൊമെയിൻ ഫിലിപ്പോത്യുവിനെയുള്ള കരാർ നോർത്ത് ഈസ്റ്റ് പുതുക്കിയിട്ടുമുണ്ട്.