പട്ടിണിയകറ്റിയ വിപ്ലവം; ഓർമകളിൽ എം എസ് സ്വാമിനാഥൻ

ലോകത്താകമാനം ഹരിത വിപ്ലവം കൊണ്ടുവരുന്നതില് സ്വാമിനാഥന് വഹിച്ച പങ്ക് എത്രയെന്ന് നോര്മന് ഡി ബോര്ലോഗ് തന്റെ നൊബേല് സമ്മാന പ്രസംഗത്തില് പറയുന്നുണ്ട്.

പട്ടിണിയകറ്റിയ വിപ്ലവം;  ഓർമകളിൽ എം എസ് സ്വാമിനാഥൻ
dot image

ഇന്ത്യയുടെ പട്ടിണിയകറ്റാന് കാര്ഷിക മേഖലയുടെ വളര്ച്ചയാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്. മങ്കൊമ്പ് സാമ്പശിവന് സ്വാമിനാഥന് എന്ന എം എസ് സ്വാമിനാഥന്റെ സംഭാവനകള് കാര്ഷിക മേഖലയ്ക്ക് നല്കിയ കുതിപ്പ് ചെറുതല്ല. രാജ്യം അദ്ദേഹത്തെ ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്നതും കാര്ഷിക മേഖലയെ പിടിച്ചുയര്ത്തിയ നേട്ടങ്ങളുടെ കാരണക്കാരനായി കണ്ടാണ്.

ലോക ഹരിത വിപ്ലവത്തിന്റെ പിതാവായ, നൊബേല് സമ്മാന ജേതാവ് നോര്മ്മന് ഡി ബോര്ലോഗുമായി ചേര്ന്ന് സ്വാമിനാഥന് വികസിപ്പിച്ചെടുത്ത പുതിയ ഗോതമ്പ് വിത്തിനങ്ങള് രാജ്യത്തിന്റെ കാര്ഷിക സാമ്പത്തിക മേഖലയെ ചെറുതായൊന്നുമല്ല പിടിച്ചുയര്ത്തിയത്. മെക്സിക്കന് ഗോതമ്പ് ഇനങ്ങളെ ഇന്ത്യന് കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയിലേക്ക് മാറ്റി, പഞ്ചാബില് ഈ വിത്തിറക്കി നൂറ് മേനി വിളവെളുടുത്തതോടെ അദ്ദേഹം ഇന്ത്യന് ഹരിത വിപ്ലവത്തിന്റെ പിതാവായി.

ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുകയും കൃഷിയുടെ നവീകരണവുമായിരുന്നു ഹരിതവിപ്ലവത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗോതമ്പ്, അരി, ജോവര്, ചോളം, ബജ്ര എന്നിവയായിരുന്നു ഹരിതവിപ്ലവത്തിലെ പ്രധാന ഭക്ഷ്യധാന്യങ്ങള്. ഇതില് എംഎസ് സ്വാമിനാഥന് വിജയിച്ചു. ലോകത്താകമാനം ഹരിത വിപ്ലവം കൊണ്ടുവരുന്നതില് സ്വാമിനാഥന് വഹിച്ച പങ്ക് എത്രയെന്ന് നോര്മന് ഡി ബോര്ലോഗ് തന്റെ നൊബേല് സമ്മാന പ്രസംഗത്തില് പറയുന്നുണ്ട്. സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ് (Father of Economic Ecology) എന്നാണ് ഐക്യരാഷ്ട്രസഭ ഒരു പരിസ്ഥിതി പ്രോഗ്രാമില് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഹരിത വിപ്ലവം ഇന്ത്യന് ഗ്രാമങ്ങളുടെ കാര്ഷിക സംസ്കൃതിയെ ഗുണപരമായല്ല അഭിസംബോധന ചെയ്തതെന്ന വിമര്ശനം വിവിധ കര്ഷക സംഘടനകള് ഉയര്ത്തിക്കാണിക്കുന്നുണ്ട്. വളരെ വേഗം ഫലപ്രാപ്തിയിലെത്തുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത കൃഷിരീതികളുടെ പൊളിച്ചെഴുത്ത് നടത്തിയപ്പോള് പ്രാദേശികമായ പ്രത്യേകതകളും അറിവുകളും അവഗണിക്കപ്പെട്ടെന്നും ശാസ്ത്രീയമായ സമീപനം സൂക്ഷ്മാര്ത്ഥത്തില് താഴെതട്ടില് വിനിയോഗിക്കപ്പെട്ടില്ലെന്നും വിമര്ശനമുണ്ട്. ഹരിതവിപ്ലവം ചെറിയ കാലയളവ് കൊണ്ട് ഉണ്ടാക്കിയ മുന്നേറ്റത്തില് മാത്രം ഭരണനേതൃത്വം ശ്രദ്ധകേന്ദ്രീകരിച്ചെന്നും പിന്നീട് അതിന് തുടര്ച്ചയുണ്ടായില്ലെന്നും വിമര്ശനമുണ്ട്.

1925 ഓഗസ്റ്റ് 7ന് ഡോ എംകെ സാംബശിവന്റെയും പാര്വതി തങ്കമ്മാളിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്താണ് എം എസ് സ്വാമിനാഥന്റെ ജനനം. കുംഭകോണം കത്തോലിക്കേറ്റ് ലിറ്റില് ഫ്ളവര് ഹൈസ്കൂള്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് അഗ്രിക്കള്ച്ചറല് കോളേജ് എന്നിവിടങ്ങളില് പഠനം. ഡല്ഹിയിലെ ഇന്ത്യന് അഗ്രിക്കള്ച്ചറല് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടില് ജനറ്റിക്സ് ആന്റ് പ്ലാന്റ് ബ്രീഡിങ്ങില് അദ്ദേഹം മാസ്റ്റര് ബിരുദം നേടി. ഉരുളക്കിഴങ്ങിലെ ജനിതക പഠനത്തിനായി യുനെസ്കോ സ്കോളര്ഷിപ്പില് നെതര്ലന്ഡ്സില് ഉപരിപഠനം. ശേഷം കേംബ്രിഡ്ജില് നിന്ന് പി എച്ച് ഡിയും വിസ്കോണ്സിന് യൂണിവേഴ്സിറ്റിയില് ഉപരി ഗവേഷണവും പൂര്ത്തിയാക്കി.

ശേഷം ഇന്ത്യയില് തിരിച്ചെത്തിയ സ്വാമിനാഥന് കട്ടാക്കിലെ സെന്ട്രല് റൈസ് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടില് ചേര്ന്നു. പിന്നീട് ഡല്ഹിയിലെ ഇന്ത്യന് അഗ്രികള്ച്ചറല് ഇന്സ്റ്റിറ്റ്യൂട്ടില് ചേര്ന്ന് ഗവേഷണങ്ങള് നടത്തി. 1961-72 കാലഘട്ടത്തില് ഇന്ത്യന് കൗണ്സില് ഓഫ് അഗ്രിക്കള്ച്ചറല് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് ആയിരുന്നു. കുട്ടിക്കാലത്ത്, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില് പുളിങ്കുന്നിലെ മങ്കൊമ്പ് തറവാട്ടില് ചിലവഴിച്ച ഒഴിവുകാലം തന്നിലെ കാര്ഷിക ശാസ്ത്രജ്ഞനെ വളര്ത്തുന്നതില് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സ്വാമിനാഥന് പറഞ്ഞിട്ടുണ്ട്.

1961ല് ഭട്നാഗര് അവാര്ഡ്, 1971ല് മാഗ്സാസെ അവാര്ഡ്, 1987ല് റോമില് നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്ഗ്രസ് അദ്ധ്യക്ഷ പദവി, 1987ല് വേള്ഡ് ഫുഡ് പ്രൈസ്, 2000ല് ഫ്രങ്ക്ലിന് റൂസ്വെല്റ്റ് പുരസ്ക്കാരം, 2021ല് കേരള ശാസ്ത്ര പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചു. ഭക്ഷ്യ-കാര്ഷിക രംഗത്തെ നോബല് സമ്മാനം എന്നറിയപ്പെടുന്ന വേള്ഡ് ഫുഡ് പ്രൈസ് ആദ്യമായി ലഭിച്ചത് എം എസ് സ്വാമിനാഥനാണ്. രാജ്യത്തെ കാര്ഷിക മേഖലയ്ക്ക് നൽകിയ സംഭാവനയ്ക്ക് പത്മശ്രീ, പത്മഭൂഷണ്, പത്മവിഭൂഷണ് ബഹുമതികള് നല്കി അദ്ദേഹത്തെ ആദരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us