യെല്ലോ, ഓറഞ്ച്, റെഡ്; മഴ അലേർട്ടുകൾ കണക്കാക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

dot image

മഴക്കാലമായതോടെ മലയാളികൾക്ക് സുപരിചിതമായ പദങ്ങളാണ് യെല്ലോ അലേർട്ട്, ഓറഞ്ച് അലേർട്ട്, റെഡ് അലേർട്ട് എന്നിവ. ഏതൊക്കെ ജില്ലകളിൽ എന്തൊക്കെ അലേർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുന്നവരാണ് നമ്മൾ. അതനുസരിച്ചാണ് യാത്രകൾ പോലും ഇന്ന് പ്ലാൻ ചെയ്യുന്നത്. എന്നാൽ, എന്താണ് ഈ കളർകോഡുകൾ സൂചിപ്പിക്കുന്നത്? ഇവ എങ്ങനെയാണ് കണക്കാക്കുന്നത്?

കാലാവസ്ഥാ പ്രതിഭാസങ്ങളുടെ തീവ്രത സൂചിപ്പിക്കാനാണ് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ കളർ കോഡുകൾ ഉപയോഗിക്കുന്നത്. കാലാവസ്ഥയുടെ ആഘാതത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ദുരന്തനിവാരണ അതോറിറ്റിക്കും മുന്നറിയിപ്പ് നൽകുക എന്നതാണ് ഇതിന്റെ പ്രധാന ആശയമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതിനായി നാല് കളറുകളാണ് ഉപയോഗിക്കുന്നത്. പച്ച, മഞ്ഞ, ഓറഞ്ച്, റെഡ് എന്നീ കളറുകളാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിക്കുന്നതിനുപയോഗിക്കുന്ന കളർ കോഡുകൾ.

ദുരന്തസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾക്ക് ജനങ്ങളെ സജ്ജരാക്കാനാണ് ഈ നീക്കം. മഴ, മഞ്ഞുവീഴ്ച, ഇടിമിന്നൽ, ചുഴലിക്കാറ്റ്, ആലിപ്പഴം, പൊടിക്കാറ്റ്, ചൂട് തരംഗങ്ങൾ, തണുത്ത തിരമാലകൾ എന്നിങ്ങനെയുള്ള പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിലാണ് ഈ അലേർട്ടുകൾ പുറപ്പെടുവിപ്പിക്കുന്നത്. ഇത്തരം കളർ കോഡുകൾ നൽകുന്നത് തീരുമാനിക്കുന്നതിനായി മാനദണ്ഡങ്ങൾ ഉണ്ട്. പരമാവധി അഞ്ച് ദിവസത്തേക്ക് സാധ്യതയുള്ള കാലാവസ്ഥ മാറ്റത്തെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പിന്റെ ഭാഗമായാണ് വിലയിരുത്തൽ നടത്തുന്നത്. ഈ അലേർട്ടുകൾ പ്രധാനമായും കാലാവസ്ഥ മാറ്റങ്ങൾ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് നൽകുന്ന മുന്നറിയിപ്പ് കൂടിയാണ്.

കനത്ത മഴയുടെ പ്രവചനം ഇല്ലാത്തപ്പോൾ പച്ച നിറമാണ്. മഞ്ഞ അലേർട്ട് മോശം കാലാവസ്ഥയെ സൂചിപ്പിക്കുന്നു. സാഹചര്യങ്ങൾ മോശമാകാം, ഇത് ദൈനംദിന ജീവിതത്തിന് തടസ്സമുണ്ടാക്കാം. ഗതാഗതം, റെയിൽ, റോഡ്, വായു എന്നിവയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാവുന്ന വളരെ മോശം കാലാവസ്ഥ പ്രതീക്ഷിക്കുമ്പോൾ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കുന്നു. വളരെ മോശം കാലാവസ്ഥ ഗതാഗതത്തെയും വൈദ്യുതി വിതരണത്തെയും തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പാണ് റെഡ് അലർട്ട്.

മഴയുടെ മുന്നറിയിപ്പുകളെ കുറിച്ച് പറയുമ്പോൾ, 24 മണിക്കൂറിൽ 64 മില്ലിമീറ്ററിൽ താഴെ മഴ പെയ്യുമ്പോഴാണ് ഗ്രീൻ കളർ. പ്രതീക്ഷിക്കുന്ന മഴ 64.5 മില്ലീമീറ്ററിനും 115. 5 മില്ലീമീറ്ററിനും ഇടയിലാണെങ്കിൽ യെല്ലോ അലേർട്ടായിരിക്കും പുറപ്പെടുവിപ്പിക്കുക. ഒരു ദിവസം 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്യുന്ന സമയത്താണ് ഓറഞ്ച് അലേർട്ട്. 24 മണിക്കൂർ ദൈർഘ്യത്തിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ പ്രതീക്ഷിക്കുമ്പോൾ റെഡ് അലർട്ട് പുറപ്പെടുവിക്കുക.

dot image
To advertise here,contact us
dot image