
പഴകും തോറും വീര്യം കൂടുമെന്ന് വീഞ്ഞുകളെ കുറിച്ച് പറയും. എന്നാൽ മഗ്ഡൊണാൾഡ്സിന്റെ ഹാംബർഗറിനെ കുറിച്ചും ഇനി ഇങ്ങനെയൊക്കെ തന്നെ പറയേണ്ടിവരും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഹാം ബർഗറാണ് ഇന്ന് താരം. കെട്ടിവച്ച പ്ലാസ്റ്റിക് കവറിനുള്ളിൽ കയറിയ ഒന്ന് രണ്ട് ഉറുമ്പ് പൊടിച്ചതൊഴിച്ചാൾ ഈ മൂപ്പതുകാരൻ ബർഗറിന് യാതൊരു മാറ്റവുമില്ല. ന്യൂയോർക്ക് പോസ്റ്റാണ് ഈ ബർഗറിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒട്ടും നശിച്ചിട്ടില്ലെന്ന് മാത്രമല്ല, കാണാനുള്ള ഉഷാറും കുറഞ്ഞിട്ടില്ല. ഓസ്ട്രേലിയയിൽ നിന്നാണ് ഈ ബർഗർ വാങ്ങിയത്. ഓസ്ട്രേലിയക്കാരായ കാസി ഡീനും എഡ്വാർഡ് നിറ്റ്സും ഈ ബർഗർ വാങ്ങുമ്പോൾ അമേരിക്കയുടെ പ്രസിഡന്റ് ബിൽ ക്ലിന്റനായിരുന്നുവെത്രേ!
അഡിലേയ്ഡിൽ നിന്ന് 1995 ലാണ് ബർഗർ വാങ്ങിയതെന്നാണ് ഇവർ അവകാശപ്പെടുന്നത്. 'അന്ന് കൗമാരക്കാരായിരുന്ന ഞങ്ങൾ വളരെയേറെ ഭക്ഷണം ഓർഡർ ചെയ്തു. ബാക്കിയായ ഇത് സൂക്ഷിക്കാമെന്ന് ഞങ്ങൾ വെറുതെ തീരുമാനിക്കുകയായിരുന്നു'; അവർ പറഞ്ഞു. അങ്ങനെ കുറച്ച് നാൾ കൂടെ ഉണ്ടായതോടെ ബർഗറിന് 'ദെയർ മേറ്റ്' (their mate) അവർ പേരിട്ടു. എന്നാൽ 30 വർഷം പിന്നിടുമ്പേൾ ഇതിനെ 'മക്ഫോസിൽ' (McFossil) എന്നാണ് അവർ വിളിക്കുന്നത്. ഈ ബർഗറിൽ പൂപ്പൽ പിടിക്കുകയോ ഇതിൽ നിന്ന് ദുർഗന്ധം വമിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പഴയ മക്ഡൊണാൾഡ് ബർഗറാണ് ഇതെന്നാണ് ഇവർ കരുതുന്നത്. നേരത്തെ ഐസ്ലാന്റിൽ നിന്ന് ബർഗർ പ്രദർശിപ്പിച്ചിരുന്നു. അന്ന് കാണാൻ ഓൺലൈൻ ലൈവിൽ ആയിരക്കണക്കിന് പേരാണ് എത്തിയത്.
വളരെ ശ്രദ്ധാപൂർവ്വമാണ് ഡീനും നിറ്റ്സും ഈ ബർഗറിനെ സൂക്ഷിച്ചത്. ടിമ്പറുകൊണ്ടും കാർഡ് ബോർഡുകൊണ്ടുമുണ്ടാക്കിയ ബോക്സിൽ ലോക്ക് ചെയ്താണ് ബർഗർ സൂക്ഷിക്കുന്നത്. വേനലിൽ ഈ ബോക്സിൽ 30 ഡിഗ്രിയിൽ ഊഷ്മാവ് നിയന്ത്രിക്കും. ഇടയ്ക്ക് പരിശോധിക്കാൻ ചെല്ലുമ്പോഴാണ് അറിയുക, എലികളെല്ലാം പരിസരത്തെത്തിയുട്ടുണ്ടാകും. എന്നാൽ പ്ലാസ്റ്റിക് കവറും തുണിയുമെല്ലാം കടിച്ചുകീറുമെങ്കിലും അവയ്ക്ക് ബർഗറിനടുത്തെത്താനായിട്ടില്ല. അതുകൊണ്ട് ഞങ്ങളുടെ മേറ്റ് സേഫാണ് - എന്നാണ് ഇവരുടെ വാക്കുകൾ.
എന്നാൽ ഇത് വിശ്വസിക്കാനാവാത്തവരുമുണ്ട്. അവരെ തനിക്ക് മനസ്സിലാകുമെന്നാണ് ഡീൻ പറയുന്നത്. ഇങ്ങനെ സൂക്ഷിച്ചാൽ കേടാകാതെയിരിക്കുമോ എന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ലെന്നാണ് ഇരുവരും പ്രതികരിക്കുന്നു. എന്തൊക്കെയായാലും 2015 ൽ ആദ്യതവണ പ്രദർശിപ്പിച്ചപ്പോൾ നിരവധി പേർ ആവശ്യക്കാരായി എത്തിയെങ്കിലും ഒരിക്കലും തങ്ങളുടെ മേറ്റിനെ അവർ വിട്ടുകൊടുത്തിട്ടില്ല. കൊടുക്കുകയുമില്ലെന്നാണ് ഇവർ ആവർത്തിക്കുന്നത്.