
ഒരു ചോക്ലേറ്റ് പ്രേമിക്ക്, അതും ഒരു ഷെഫിന് ട്രെയിൻ വലിയ ഇഷ്ടമാണെങ്കിൽ ഇങ്ങനെയിരിക്കും. ഒരു റിട്രോ സ്റ്റൈൽ ട്രെയിൻ തന്നെ ചോക്ലേറ്റിൽ തീർത്തിരിക്കുകയാണ് ഫ്രഞ്ച് - സ്വിസ് ഷെഫ് അമോറി ഗ്വിച്ചൻ (Amaury Guichon). പലതരം ചോക്ലേറ്റ് രൂപങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമെന്നാണ്, അദ്ദേഹം പങ്കുവെച്ച വീഡിയോകളോട് നെറ്റിസൺസിന്റെ പ്രതികരണം.
ചോക്ലേറ്റുകൊണ്ട് പലതരം രൂപങ്ങളുണ്ടാക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയനാണ് ഗ്വിച്ചൻ. എല്ലാ അർത്ഥത്തിലും പെർഫെക്ടായ ഈ ഫുഡ് ആര്ട്ടിനെ വലിയ ഫാൻസാണുള്ളത്. ഇത്രയും പെർഫെക്ടായ രൂപങ്ങളെ മുറിച്ചെടുത്ത് കഴിക്കാൻ മനസ്സ് വരില്ലെന്നാണ് ഈ ആരാധകരെല്ലാം പറയുന്നത്.
ആദ്യം ചതുരാകൃതിയിലുള്ള രൂപം, പിന്നെ എഞ്ചിൻ, ബോഗി, ചക്രങ്ങൾ, എഞ്ചിൻ മുറിയിലേക്ക് കയറാൻ കോണി ഇതെല്ലാം ചോക്ലേറ്റിൽ തീർത്തു. ഒടുവിൽ കഴിക്കാവുന്ന കറുപ്പും ചുവപ്പും ഗോൾഡൻ നിറങ്ങളും പൂശി. മനോഹരമായ സ്വർണ നിറത്തിലുള്ള ബെൽ ഘടിപ്പിച്ചു. അതിന് മുകളിൽ നിന്ന് ആവി പോകുന്ന തരത്തിലള്ള നിർമ്മാണം കൂടിയായതോടെ ചോക്ലേറ്റ് ആവി എഞ്ചിൻ റെഡി. ഒരു കോടിയോളം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.