
ഈയിടെയായി കേരളത്തിലെ ബുക് ഷോപ്പുകളിലെ ഒരു റാക്ക് മാത്രം അതിവേഗം നിറയുകയും അതിനേക്കാള് വേഗത്തില് കാലിയാവുകയും ചെയ്യുന്ന ഒരു ട്രെന്റാണ് നമ്മള് കാണുന്നത്. ആ ട്രെന്റിന് ഒറ്റ പേരെയുള്ളൂ... റാം c/o ആനന്ദി. ഇന്സ്റാഗ്രാമിലും ഫേസ്ബുക്കിലും എക്സിലും എന്നുവേണ്ട സോഷ്യല് മീഡിയയുടെ മുക്കിനും മൂലയിലും ഈ ട്രെന്റ് കാണാം... ഒരൊറ്റ നോവലിലൂടെ അഖില് പി ധര്മ്മജന് എന്ന യുവ എഴുത്തുകാരന് കേരളത്തിലെ യുവതലമുറയുടെ മനസ്സ് കീഴടക്കിക്കൊണ്ടിരിക്കുകകയാണ്...
റാം c/o ആനന്ദിയുടെ ട്രെന്ഡ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2020 അവസാനത്തോടെ റാം c/o ആനന്ദി ഒരു പബ്ലിസിറ്റിയും ഇല്ലാതെ തന്നെ വായനക്കാരില് നിന്ന് വായനക്കാരിലേക്ക് സഞ്ചരിച്ചുതുടങ്ങിയതാണ്. ഏറ്റവും ഒടുവില് ഇന്സ്റ്റഗ്രാം റീലുകളിലും സ്റ്റോറികളിലും കൂടി ഇടംപിടിച്ചതോടെ റാം c/o ആനന്ദി ജനറേഷനിടയിലെ തരംഗമായി മാറി... വായന മരിച്ചു എന്നും പുതിയ തലമുറ വായിക്കുന്നില്ല എന്നും മുതിര്ന്നവര് വേവലാതിപ്പെടുന്ന കാലത്താണ് 350 പേജുള്ള ഒരു നോവല് ഇന്സ്റ്റഗ്രാമിലൂടെ തരംഗമാകുന്നതും ഇന്ത്യയിലെ ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തില് ഇടം പിടിക്കുന്നതും...
സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തില് എത്തുന്ന റാം എന്ന മലയാളി ചെറുപ്പക്കാരനിലൂടെ തുടങ്ങുന്ന കഥ സഹപാഠികളായ രേഷ്മയിലുടെയും വെട്രിയിലുടെയും കോളേജിലെ റിസപ്ഷനിസ്റ്റായ ആനന്ദിയിലൂടെയും റെയില്വേ സ്റ്റേഷനില് വച്ച് പരിചയമാകുന്ന തമിഴ്നാട്ടില് തിരുനങ്കൈ മല്ലിയിലൂടെയും വെട്രിയുടെയും ആനന്ദിയുടെയും വീടിന്റെ ഉടമസ്ഥയായ പാട്ടിയിലൂടെയുമൊക്കെയാണ് വികസിക്കുന്നത്.
ചെന്നൈ നഗരത്തിലെ ജീവിതത്തിന്റെ സൂക്ഷ്മതകളെയും വൈവിധ്യങ്ങളെയും സുന്ദരമായ വാക്കുകളിലൂടെ അഖില് വിവരിച്ചു... ഇന്നിപ്പോള് ആ വാക്കുകള്ക്ക് ശബ്ദവും രൂപവും നല്കുകയാണ് സോഷ്യല് മീഡിയ. ഒരു സിനിമ കാണുന്നതു പോലെ വായിച്ചിരിക്കാന് കഴിയുന്ന നോവലാണ് റാം c/o ആനന്ദി എന്നാണ് വായനക്കാര് അടയാളപ്പെടുത്തുന്നത്. ഒരോ താളുകളിലുടെയും വായനക്കാര് കടന്നു ചെല്ലുന്നത് ചെന്നൈയിലെ തെരുവിലൂടെയും റാം കടന്നു പോകുന്ന സാഹചര്യങ്ങളിലൂടെയുമാണ്. ഇടയ്ക്ക് പുഞ്ചിരിയും തമാശകളും കൊണ്ട് നിറയ്ക്കുന്ന സന്ദര്ഭങ്ങളും വേദനയും വിങ്ങലുകളും വെപ്രാളവുമൊക്കെ ഉണ്ടാക്കുന്ന നിമിഷവും വായനക്കാര്ക്ക് നല്കാന് ആ നോവലിന് സാധിച്ചിട്ടുണ്ട്.
മലയാളി യുവത്വങ്ങള്ക്കിടയില് വലിയൊരു പ്രകമ്പനം സൃഷ്ടിച്ചിറങ്ങിയ റാം c/o ആനന്ദിയുടെ റീച്ച് ഈയടുത്ത കാലത്ത് മറ്റൊരു മലയാള കൃതിക്കും ലഭിച്ചിട്ടില്ല. ഇന്ത്യയിലെ വിവിധ ഭാഷകളില് രചിക്കപ്പെടുന്ന കൃതികളില് ഏറ്റവും കൂടുതല് വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയായ നീല്സണ് ബുക്ക് സ്കാനില് ടോപ്പ് സെല്ലറുകളുടെ പട്ടികയില് തുടര്ച്ചയായി നിരവധി തവണ റാം C/O ആനന്ദി ഇടം നേടി. മലയാള പുസ്തകങ്ങള് അപൂര്വ്വമായി മാത്രം വരുന്ന പട്ടികയാണ് ഇത് എന്നതും ശ്രദ്ധേയമാണ്...
റാം c/o ആനന്ദി ട്രെന്ഡാകുമ്പോഴും നോവലിനെ അടച്ചാക്ഷേപിച്ചുകൊണ്ടും മോശം പരാമര്ശങ്ങള് നടത്തിക്കൊണ്ടുമുള്ള എതിര്പ്പുകളും പല ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. അതിനോട് അഖില് പി ധര്മജന് പ്രതികരിച്ചത് ഇങ്ങനെയാണ്...
'എഴുത്തുകാര് ഉള്പ്പെടെയുള്ള കുറച്ചുപേര് കൂട്ടംകൂടി എന്നെയും പുസ്തകത്തെയും പല ഇടത്തായി ആക്രമിക്കുന്നത് കാണുന്നുണ്ട്...ആരോടും പരാതിയില്ല... പരിഭവം ഇല്ല... നമ്മുടെ ഒക്കെ ആയുസ്സ് എന്തോരം കാണും..? അതിനിടയില് എന്നെയും എന്റെ പുസ്തകങ്ങളെയും ദ്രോഹിക്കുമ്പോഴാണ് പലര്ക്കും സമാധാനം കിട്ടുന്നതെങ്കില് അവര് അങ്ങനെ സന്തോഷം കണ്ടെത്തിക്കോട്ടേ.... ''
റാം c/o ആനന്ദി വലിയ വിജയമാണ്. അഭിമാനകരമായ വിജയം. കഴിഞ്ഞ ഒരു മാസത്തോളമായി ആമസോണ് ഇന്ത്യയില് ബെസ്റ്റ് സെല്ലര് പട്ടികയില് ഒന്നാമതു തന്നെ പുസ്തകം സ്ഥാനം പിടിച്ചു കഴിഞ്ഞു. പുസ്തകത്തെ സ്നേഹിക്കുന്നവര്ക്കും, വായന തുടങ്ങാന് ആഗ്രഹിക്കുന്നവര്ക്കും ഇനി പ്രണയവും വിരഹവും സൗഹൃദവും സാഹോദര്യവും വാത്സല്യവും ഒത്തിരി സസ്പെന്സും നിറഞ്ഞ ഒരു സിനിമ അറിയാന് ആഗ്രഹിക്കുന്നവര്ക്കും 350 പേജുകളുള്ള 'റാം c/o ആനന്ദി' വായിക്കാം, നിങ്ങളെ ഒരിക്കലും ഈ പുസ്തകം നിരാശപ്പെടുത്തില്ല....