'ആരും പുസ്തകം മോഷ്ടിക്കരുത്, പക്ഷേ ഇതെനിക്ക് ഇഷ്ടപ്പട്ടു';മലയാളിക്ക് കിട്ടി ജെ കെ റൗളിങിന്റെ പ്രശംസ

എഴുത്തുകാരനും സഹസംവിധായകനുമായ റീസ് തോമസാണ് ഈ കഥയിലെ താരം

dot image

വായനയോട് ചിലര്ക്ക് അടങ്ങാനാകാത്ത പ്രണയമാണ്. എപ്പോഴും വായിച്ചുകൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്, അങ്ങനെ പുസ്തകങ്ങൾ നിരവധി വാങ്ങിക്കൂട്ടുന്നവരുണ്ട്. പുസ്തകങ്ങളോടുള്ള ഇഷ്ടം കാരണം ചിലര് പുസ്തക മോഷണങ്ങള് നടത്തിയാൽ അംഗീകരിക്കാനാകുമോ? താന് എഴുതിയ പുസ്തകം മോഷ്ടിച്ച മലയാളിയുടെ കഥ ഇഷ്ടപ്പെട്ടുവെന്ന് പറയുകയാണ് വിശ്വപ്രസിദ്ധ എഴുത്തുകാരി ജെ കെ റൗളിങ്. 'പുസ്തകം മോഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് എന്നെ കുറ്റപ്പെടുത്തിയെന്നുവരാം. ആരും പുസ്തകം മോഷ്ടിക്കരുത്. അത് മോശമാണ്. എന്തായാലും ഇതെനിക്ക് ഇഷ്ടപ്പട്ടു' എന്നാണ് ജെ കെ റൗളിങ് സാമൂഹ്യമാധ്യമമായ എക്സില് കുറിച്ചിരിക്കുന്നത്.

ഇനി ആളെപ്പറ്റി പറയാം. എഴുത്തുകാരനും സഹസംവിധായകനുമായ റീസ് തോമസാണ് ഈ കഥയിലെ താരം. വായനയോടുള്ള പ്രണയംകൊണ്ട് 17 വര്ഷം മുന്പ് ഒരൊന്പതാം ക്ലാസുകാരന് പുസ്തകം മോഷ്ടിച്ചു. 2007-ല് ഇറങ്ങിയ 'ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്ലി ഹാലോസ്' എന്ന പുസ്തകമായിരുന്നു അത്. വര്ഷങ്ങള്ക്കിപ്പുറം തൃക്കളത്തൂര് കൈതമറ്റത്തില് വീട്ടില് റീസ് തോമസ് ക്ഷമാപണത്തോടെ ആ പുസ്തം തിരികെ ഏല്പ്പിക്കാന് മൂവാറ്റുപുഴ ന്യൂ കോളേജ് ബുക്സ്റ്റാളില് പോയി. കടയുടമ ദേവദാസിന് പുസ്തകം കൈമാറി. ഈ കഥ അറിഞ്ഞാണ് ദ ഹിന്ദുവിലുള്ള റീസിന്റെ അഭിമുഖം പങ്കുവെച്ചുകൊണ്ട് ജെ കെ റൗളിങ് ട്വീറ്റ് ചെയ്തത്.

വര്ഷങ്ങള്ക്ക് മുമ്പ് താന് ചെയ്ത ഒരു പ്രവൃത്തിയെപ്പറ്റി ഇന്ന് ലോകം മുഴുവന് അറിഞ്ഞിരിക്കുന്നുവെന്ന് റീസ് സാമൂഹിക മാധ്യമങ്ങളില് കുറിച്ചു. 'ഏറ്റവും പ്രധാനമായി 'അവര്' അതറിഞ്ഞിരിക്കുന്നു. ഇത് വായിച്ചിരുന്നെങ്കില് എന്ന് ഞാന് ആഗ്രഹിച്ച വ്യക്തി എഴുത്തുകാരി ജെ കെ റൗളിങ് ആണ്. അവര് അത് വായിച്ച് സന്തോഷവതിയാണ് എന്നെഴുതിയ വരികള് കണ്ണീരോടെ എനിക്കിപ്പോള് വായിക്കാം. അവരുടെ ജീവിതവും പുസ്തകങ്ങളുമെല്ലാം ഞാന് വായിച്ചു. ആ ആരാധന അവസാനം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു', റീസ് കൂട്ടിച്ചേര്ത്തു.

മലയാള സാഹിത്യത്തില് ബിരുദധാരിയാണ് റീസ്. എഴുത്തുകാരനും സഞ്ചാരിയുമായ റീസ് സിനിമാ രംഗത്ത് സഹ സംവിധായകനായും പ്രവര്ത്തിക്കുന്നുണ്ട്. ലൂക്ക, മിന്നല് മുരളി, പത്മിനി, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനാണ്.

dot image
To advertise here,contact us
dot image