
അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ സ്റ്റോപിങ് ബൈ ദ വുഡ്സ് ഓൺ എ സ്നോവി ഈവനിങ് പ്രസിദ്ധീകരിച്ചിട്ട് നൂറ് വർഷം. കാല ദേശങ്ങൾക്ക് അതീതമായി സാഹിത്യപ്രേമികളുടെ മനസ്സിൽ മഞ്ഞുപോലുറഞ്ഞു കൂടിയ വരികൾ. നീണ്ട പേരുള്ള ഈ കൊച്ചുകവിതയെ ലാളിത്യത്തിന്റെ മുഖമുദ്രയായാണ് ആഗോള സാഹിത്യലോകം വിലയിരുത്തുന്നത്.
പതിനാറ് വരികൾ മാത്രമുള്ള ഒരു കൊച്ചു കവിത. ഒരിക്കൽ വായിച്ചവർക്ക് ആ മഞ്ഞുമൂടിയ കാനനപാതയിലെ ഒറ്റവരിവഴിയൂടെ നടന്നപോലൊരു തോന്നലുണ്ടാവും. ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള ഹ്രസ്വമായ ഈ ജീവിത്തെയാണ് ഫ്രോസ്റ്റ് ഈ വരികളിലൂടെ സൂചിപ്പിക്കുന്നത്.
കവിതയുടെ വ്യാഖ്യനങ്ങൾക്ക് ഇത്രമേൽ സാധ്യതകളുണ്ടെന്ന് ഓർമിപ്പിച്ച വരികൾ കൂടിയാണ് ഫ്രോസ്റ്റിന്റേത്. കാട് മനോഹരമാണ്, ഇരുണ്ടതും ആഴമുള്ളതുമാണ്, എനിക്ക് പാലിക്കാൻ വാഗ്ദാനങ്ങൾ ഏറെയുണ്ട്, പോകുവാനേറെ ദൂരമുണ്ട് വീണുറങ്ങുന്നതിന് മുമ്പായി. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റ്രുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ നിന്ന് ഈ വരികൾ കിട്ടിയതോടെയാണ് അതിന്റെ സ്വീകാര്യതയെ കുറിച്ച് രാജ്യം ചർച്ച ചെയ്തത് എന്ന് പറഞ്ഞാലും തെറ്റില്ല.
ഒരു ശരാശരി മനുഷ്യന്റെ ജീവിതവും ചിന്തയും പ്രതിഫലിപ്പിക്കുന്ന വരികളാണിവ. മനുഷ്യന്റെ അസ്ഥിത്വത്തെ പ്രതിപാദിക്കുന്നതിനൊപ്പം മരണത്തിന്റെ അനിവാര്യതയും പറയുന്ന എഴുത്തുകളാണ് ഫ്രോസ്റ്റിന്റേത്. ഇരുണ്ട മനസ്സിന്റെ താളപ്പിഴയും വിഷാദവും പ്രിയപ്പെട്ടവരുടെ മരണവും എല്ലാം തളർത്തിയ ജീവതത്തിലാണ് ഇത്ര മനോഹരമായ വരികൾ പിറന്നത്. വ്യാഖ്യാനങ്ങൾക്ക് അതീതമായ മാസ്മരികത തുളമ്പുന്ന വരികളാണിവ. ഈ തണുത്ത കാനനപാതയിൽ ഏറെദൂരം പോവാനുണ്ടെന്ന് നമ്മളെ ഓർപ്പിച്ചുകൊണ്ടേയിരിക്കുന്ന വരികൾ.