കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം, 49 മരണം; മരിച്ചവരിൽ മലയാളികളും

കെട്ടിടത്തിനകത്ത് നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെത്തിയത്

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇതുവരെ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായാണ് പുതിയ കണക്ക്. നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. പുലര്ച്ചെ നാല് മണിയോടെ കെട്ടിടത്തില് തീ ആളിപ്പടരുകയായിരുന്നു.

കെട്ടിടത്തിനകത്ത് നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് പേർ ആശുപത്രിയിൽവെച്ച് മരിച്ചു. നിലവിൽ ആറ് മലയാളികൾ ഐസിയുവിൽ കഴിയുന്നതാണ് വിവരം. അപകടത്തിൽപ്പെട്ടവരിൽ തമിഴ്നാട് സ്വദേശികളുമുണ്ട്. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായായാണ് വിവരം.

196 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് മുഴുവൻ പേരേയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറങ്ങികിടക്കുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. തീ പടര്ന്നതിനെത്തുടര്ന്ന് രക്ഷപ്പെടാൻ കെട്ടിടത്തില്നിന്ന് താഴേക്ക് ചാടിയവര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അദാന് ആശുപത്രി, ഫര്വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര് താമസിക്കുന്ന ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. തീപിടിത്തും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആറുനിലയിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.

dot image
To advertise here,contact us
dot image