പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്ജ; സാമ്പത്തിക മേഖലയ്ക്ക് കരുത്തേകും

ഷാര്ജ നാഷണല് ഓയില് കോര്പ്പറേഷന് നടത്തിവരുന്ന ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്

dot image

ഷാര്ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്ജ പെട്രോളിയം കൗണ്സില്. അല് സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല് ഹദീബ ഫീല്ഡിലാണ് വലിയ അളവില് വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാനാകുന്നതാണ് കണ്ടെത്തലെന്ന് എസ്പിസി അറിയിച്ചു. ഷാര്ജ നാഷണല് ഓയില് കോര്പ്പറേഷന് നടത്തിവരുന്ന ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്.

കണ്ടെത്തിയ വാതകശേഖരത്തിന്റെ കൃത്യമായ അളവ് നിശ്ചയിക്കുന്നതിനും ഇവ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള് വിലയിരുത്തുന്നതിനുമുള്ള നടപടികള് വരും ദിവസങ്ങളില് നടക്കുമെന്ന് അധികൃതര് വ്യക്തമാക്കി. പുതിയ കണ്ടെത്തലോടെ അല് ഹദീബ ഷാര്ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില് ഇടം പിടിച്ചിരിക്കുകയാണ്. ഷാര്ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല് സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്.

2020ന് ശേഷം ഷാര്ജയില് കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല് ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു 2020ലേത്. ഡീകാര്ബണൈസേഷന് ശ്രമങ്ങളുടെ ഭാഗമായി വരും ദശകങ്ങളില് പ്രകൃതി വാതകത്തിന്റെ ആവശ്യകതയില് ആഗോളതലത്തില് തന്നെ വലിയ വര്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

dot image
To advertise here,contact us
dot image