45 വര്ഷത്തെ സ്വപ്നം സഫലം; അബുദബിയിലെ ആദ്യ സിഎസ്ഐ ദേവാലയം നാടിന് സമർപ്പിച്ചു

യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് അനുവദിച്ച 4.37 ഏക്കറില് 12,000 ചതുരശ്രയടി വിസ്തീര്ണത്തിലാണ് ദോവാലയം നിര്മ്മിച്ചിരിക്കുന്നത്

dot image

അബുദബി: ഇടവകാംഗങ്ങളുടെ 45 വര്ഷത്തെ സ്വപ്നം സഫലമാക്കി കൊണ്ട് യുഎഇയില് സിഎസ്ഐ ദേവാലയത്തിന്റെ വാതില് തുറന്നു. ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു ദേവാലയം നാടിന് സമര്പ്പിച്ചത്. സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാന്റെ നേതൃത്വത്തില് നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെയാണ് ദേവാലയം തുറന്നത്. യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് അനുവദിച്ച 4.37 ഏക്കറില് 12,000 ചതുരശ്രയടി വിസ്തീര്ണത്തിലാണ് ദോവാലയം നിര്മ്മിച്ചിരിക്കുന്നത്. 1.1 കോടി ദിര്ഹമാണ് സിഎസ്ഐ ദേവാലയത്തിന്റെ നിര്മ്മാണത്തിനായി ചിലവഴിച്ചത്. അബുദബി അബുമുറൈഖില് ബാപ്സ് ഹിന്ദു മന്ദിറിന് അഭിമുഖമായാണ് ദേവാലയം സ്ഥാപിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 3.15ന് ബിഷപ് ഡോ. മലയില് സാബുകോശി ചെറിയാന്റെ നേതൃത്വത്തില് പരുരോഹിതനും ഗായകരും ജനങ്ങളും ചേര്ന്ന് ദേവാലയത്തെ വലംവെച്ച് പ്രദക്ഷിണ ശുശ്രൂഷ നടത്തി. തുടര്ന്ന് അംശവടിയാല് അനുഗ്രഹിച്ച് ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നു. ഇടവക വികാരി റവ. ലാല്ജി എം. ഫിലിപ് സഹകാര്മികനായി. ഇടവക മുന് വികാരിമാരും ചടങ്ങില് പങ്കെടുത്തു. ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാര്ഥനയുടെ പ്രതീകമായി ബിഷപ്പും സ്വാമി ബ്രഹ്മവിഹാരി ദാസും അബ്ദുല്ല അല് തുനൈജി, അഹ്മദ് അല് മന്സൂരി എന്നിവരും ചടങ്ങില് അതിഥികളായി. ഇവര് ചേര്ന്ന് ദേവാലയത്തില് ഒലിവ് തൈകള് നട്ടു. കവാടത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ച ശിലാഫലകം വിശിഷ്ടാതിഥികള് അനാഛാദനം ചെയ്തു. ആയിരത്തോളം വിശ്വാസികളായിരുന്നു ചടങ്ങില്പങ്കടുത്തത്.

ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാന് മൂന്ന് ആവശ്യങ്ങളാണ് വിശ്വാസികള്ക്ക് മുന്നില് വെച്ചത്. ഒന്ന് ഗള്ഫ് രാജ്യത്ത് ആരാധനാലയം പണിതുതീര്ത്ത വിശ്വാസികള് 2018ല് കേരളത്തിലുണ്ടായ പ്രളയത്തില് തകര്ന്നുപോയ ആരാധനാലയം നിര്മ്മിക്കാന് സഹകരിക്കണമെന്നായിരുന്നു. അബുദബി ഇടവക ഒരു വൈദിക വിദ്യാര്ത്ഥിയെ സ്പോണ്സര് ചെയ്യണമെന്നായിരുന്നു രണ്ടാമത്തേത്. മറ്റുള്ളവരോടുള്ള ഉത്തരവാദിത്തം മറക്കരുതെന്നും അതിനാല് ആസ്ഥാനമില്ലാത്ത ഇതര സഭാ വിശ്വാസികള്ക്കായി പ്രാര്ഥനാ സൗകര്യം ഒരുക്കാന് സന്മനസ്സുണ്ടാകണം എന്നതാണ് മൂന്നാമത്തെ ആവശ്യം.

പട്ടക്കാരുടെ വെസ്ട്രി, ഗായക സംഘത്തിന്റെ വെസ്ട്രി, ചിൽഡ്രൻസ് റൂം, എവി റൂം, ബെഥേൽ ഹാൾ എന്നിവയുടെ പ്രതിഷ്ഠാശുശ്രൂഷകൾ നടത്തി. തുടർന്ന് കുർബാന അർപ്പിച്ചു. അബുദബി മാർത്തോമ്മാ ചർച്ച് വികാരി റവ. ജിജു ജോസഫ്, സെന്റ് ആൻഡ്രൂസ് ചർച്ച് ചാപ്ലിൻ റവ. ഗിൽ നിസ്ബത്, തമിഴ് സിഎസ്ഐ വികാരി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.

സഹവർത്തിത്വമാണ് ലോകത്തിനു നൽകേണ്ട മികച്ച സന്ദേശമെന്ന് ചടങ്ങില് പങ്കെടുത്ത ബാപ്സ് ഹിന്ദുമന്ദിര് ഇന്റർനാഷനൽ റിലേഷൻസ് മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ് പറഞ്ഞു. നിങ്ങൾക്ക് എവിടെയും സ്ഥലം കണ്ടെത്താം. പക്ഷേ നല്ല അയൽക്കാരെ ലഭിക്കാൻ ദൈവത്തിന്റെ അനുഗ്രഹം കൂടിയുണ്ടാകണം. സിഎസ്ഐ ദേവാലയത്തിലൂടെ ആ അനുഗ്രഹത്തിന്റെ നിറവിലാണ് ബാപ്സ് ഹിന്ദു മന്ദിറെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

എല്ലാ മതക്കാർക്കും അവരവരുടെ ആരാധനാ സ്വാതന്ത്ര്യമനുസരിച്ച് ജീവിക്കാൻ അവസരമൊരുക്കിയ രാജ്യത്തോടും ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഈ അവസരത്തില് സ്വാമി പറഞ്ഞു. ഷെയ്ഖ് അൽ നഹ്യാനും ഇതര ഭരണാധികാരികൾക്കും സമാപന സമ്മേളനത്തിൽ ബിഷപ് കൃതജ്ഞത രേഖപ്പെടുത്തി. സഹിഷ്ണുതാ രാജ്യത്ത് പ്രാർഥന അർപ്പിക്കാൻ അവസരം നൽകിയ രാജ്യത്തോടും ഭരണാധികാരികളോടും പുരോഹിതരും വിശ്വാസികളും കൃതജ്ഞത അറിയിച്ചു. നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളിലും സഹകരിച്ചവരെ ചടങ്ങിൽ ആദരിച്ചു. വികാരിമാരെയും സഹകാരികളെയും സമാപന സമ്മേളനത്തില് ആദരിച്ചു. കൂടാതെ സഭാവിശ്വാസികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ്പും പുറത്തിറക്കി.

dot image
To advertise here,contact us
dot image