
/gulf/gulf-news/2024/04/28/hajj-pilgrimage-without-permit-not-religiously-permissible-top-saudi-scholar
റിയാദ്: പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനം നിർവഹിക്കുന്നത് മതപരമായി അനുവദനീയമല്ലെന്ന് സൗദിയിലെ ഉന്നത പണ്ഡിതന്മാര് ഉള്പ്പെട്ട ശൂറാ കൗണ്സില്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി എത്തുന്ന തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ചെയ്യാൻ സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ് പെർമിറ്റ് നിർബന്ധിതമാക്കിയത്. ആഭ്യന്തര മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, ഇരുഹറം കാര്യാലയ പരിപാലന അതോറിറ്റി എന്നിവയുടെ ചർച്ചകൾക്ക് ശേഷമാണ് ഉന്നത പണ്ഡിതസഭ പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നതിന്റെ മതവിധി സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
പെർമിറ്റ് നേടാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നത് മതപരമായി അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവർ പാപികളാണെന്നും ഉന്നത പണ്ഡിതസഭ വ്യക്തമാക്കി. ഭരണാധികാരികൾ നിശ്ചയിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്നും പണ്ഡിതൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പെർമിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ, താമസം, ഭക്ഷണം തുടങ്ങി സേവനങ്ങളെല്ലാം ഒരുക്കുന്നത്. ഹജ്ജിനെത്തുന്ന ലക്ഷക്കണക്കിന് തീര്ഥാടകര്ക്ക് സുരക്ഷിതത്തോടെയും സമാധാനത്തോടെയും ഹജ്ജ് കര്മങ്ങള് ചെയ്യാന് സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ അനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പണ്ഡിത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വ്യാജ ഏജൻസി തട്ടിപ്പുകള സൂക്ഷിക്കണമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി സ്ഥാപനങ്ങള് പരസ്യങ്ങളുമായി രംഗത്തുണ്ട്, അതില് വ്യാജ കമ്പനികളുണ്ടാവകാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.