
/gulf/gulf-news/2023/10/31/posted-pro-israel-two-malayalee-nurses-fired-in-kuwait
കുവൈറ്റ് സിറ്റി: ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിന് കുവൈറ്റിൽ രണ്ട് മലയാളി നഴ്സുമാർക്കെതിരെ നടപടി. ഒരു നഴ്സിനെ നാടുകടത്തി. മറ്റൊരു നഴ്സിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ഇന്നോ നാളെയോ നാടുകടത്തുന്നതിനായുള്ള നടപടികലാണ് പുരോഗമിക്കുന്നത്. തുടർച്ചയായി ഇസ്രയേലിന് അനുകൂലമായി സമൂഹ മാധ്യമത്തിൽ പോസ്റ്റിടുകയായിരുന്നു. തുടർന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.
ഇതിൽ ഒരാൾ തുടർച്ചയായി വാട്സാപ്പ് സ്റ്റാറ്റസുകൾ ഇട്ടിരുന്നു. അതോടൊപ്പം മറ്റു നിരവധി പേർക്ക് വാട്സാപ്പ് സ്റ്റാറ്റസും ഇസ്രയേലിനെ അനുകൂലിച്ചുകൊണ്ടുള്ള വിവിധ പോസ്റ്റുകളും ഷെയർ ചെയ്തുവെന്നാണ് ആഭ്യന്തര മന്ത്രാലം പുറപ്പെടുവിച്ച ഉത്തരവില് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഒരു നഴ്സിനെ നാടുകടത്തിയത്. മറ്റൊരു നഴ്സും സമാനരീതിയിലുള്ള കുറ്റം ചെയ്തുവെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. വിവിധ സമൂഹമാധ്യമങ്ങളില് ഇസ്രയേലിനെ അനുകൂലിച്ച് കൊണ്ട് തുടർച്ചായായി പോസ്റ്റുകളിട്ടു. ഇതിന്റെ പേരിലാണ് രണ്ടാമത്തെ നഴ്സിനെ നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. നിലവില് നടപടികൾ പുരോഗമിക്കുകയാണ്.
വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ ഇന്ത്യക്കാർക്കുവേണ്ടി മാർഗ നിർദേശം പുറപ്പെടുവിപ്പിക്കാൻ തീരുമാനം കൈകൊണ്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻമാർ അവരെ കണ്ട് അവർക്കാവശ്യമായിട്ടുള്ള സൗകര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുവൈറ്റിൽ നിലനിൽക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏതു തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടപെടണം എന്ന കാര്യത്തിൽ മാർഗനിർദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.