
May 18, 2025
09:32 AM
കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60)യ്ക്കാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും 1,00,000 രൂപ പിഴയുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി. വി അനസാണ് ശിക്ഷ വിധിച്ചത്. പിഴയായി ചുമത്തിയ തുക അടച്ചില്ലെങ്കിൽ അഞ്ച് വർഷം അധികം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. 2022 ജൂൺ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യപാനത്തെ തുടർന്ന് വീട്ടിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ 70 വയസുകാരിയായ ഭാര്യ ചിക്കിയെ ഗോപി കൊലപ്പെടുത്തുകയായിരുന്നു. ചിക്കിയുടെ തലയിലും പുറത്തും കൈകാലുകളിലും ക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്.
തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അന്നത്തെ ബത്തേരി ഇൻസ്പെക്ടർ എസ് എച്ച്ഒ ആയിരുന്ന കെ പി ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.