
പാലക്കാട്: ചികിത്സ വൈകിയതിനെ തുടർന്ന് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പാലക്കാട് അട്ടപ്പാടിയിലാണ് അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്. ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്.
ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല. ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ കോട്ടത്തറയിൽ നിന്ന് കൊണ്ടുപോയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഫൈസൽ വഴിമധ്യേ മരിക്കുകയായിരുന്നു.