ബെവ്കോയിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം; വിവരം അറിയിച്ചപ്പോൾ ഭീഷണി

മദ്യ നിർമ്മാണ കമ്പനിയെ വിവരം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു

dot image

പലാക്കാട്: ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം. പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് കുമാർ, ഒലവക്കോട് താണാവിലെ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാരായ മദ്യ നിർമ്മാണ കമ്പനിയെ വിവരം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

സർക്കാരിന്റെ മദ്യ വില്പന ശാലയായ ബെവ്കോയിൽ നിന്ന് പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് കുമാറാണ് അര ലിറ്റർ മദ്യം വാങ്ങിയത്. കുപ്പിയ്ക്കടിയിൽ ഒരു നൂല് പോലെ എന്തോ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ചത്ത പല്ലിയുടെ വാലിന്റെ ഭാഗമാണെന്ന് മനസിലായത്. നിർമ്മാണ ശാലയിൽ നിന്നും സീൽ ചെയ്ത്, പരിശോധന കഴിഞ്ഞ് ഔട്ട്ലെറ്റിലെത്തിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്.

വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ മദ്യം വാങ്ങിയ ഒലവക്കോട്ടെ ബെവ്കോ ഔട്ട്ലെറ്റിലെത്തി വിവരം അറിയിച്ച സുരേഷ് കുമാർ, മദ്യകുപ്പി മാറ്റി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മദ്യ കുപ്പിയിൽ നിന്ന് വാൽ ലഭിച്ച സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും നിർമ്മാണത്തിനിടെ പറ്റിയ പിശകായിരിക്കാം വീഴ്ചയ്ക്ക് പിന്നില്ലെന്നും മദ്യം മാറ്റി നൽകാൻ കഴിയില്ലെന്നും ഔട്ട്ലെറ്റ് ജീവനക്കാർ സുരേഷ് കുമാറിനോട് പറഞ്ഞു. തുടർന്ന് തനിക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മദ്യം നിർമ്മിച്ച തൃശ്ശൂർ മണ്ണുത്തിയിലെ കമ്പനിയ്ക്കും മദ്യ കമ്പിനിയുടെ ഇന്ത്യയിലെ ഉടമകൾക്കും ബെവ്കോയ്ക്കും സുരേഷ് കുമാർ കത്തയച്ചു. എന്നാൽ ഭീഷണി ആയിരുന്നു ഇവരിൽ നിന്ന് ലഭിച്ച മറുപടി എന്നാണ് സുരേഷ് കുമാർ പറയുന്നത്.

അതേസമയം, കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് മദ്യക്കുപ്പികൾ വിൽപ്പനയ്ക്ക് അയയ്ക്കുന്നതെന്നും പിശക് പറ്റിയിട്ടുണ്ടെങ്കിൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തൃശ്ശൂർ മണ്ണുത്തിയിലെ മദ്യനിർമാണ കമ്പനിയിലെ അധികൃതർ അറിയിച്ചു.

dot image
To advertise here,contact us
dot image