
കണ്ണൂർ: വടകര - തലശ്ശേരി ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വടകര നടക്കുതാഴെ ശ്രേയ എൻ. സുനിൽ കുമാർ (19), ദേവിക ജി നായർ തണ്ണീർ പന്തൽ (19), ഹൃദ്യ കല്ലേരി (19) എന്നിവർക്കാണ് പരിക്കേറ്റത്.
അപകടം നടന്നതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. തൃശൂർ - കണ്ണൂർ റൂട്ടിലോടുന്ന അയ്യപ്പൻ എന്ന പേരിലുള്ള ബസ്സാണ് അപകടമുണ്ടാക്കിയത്. ചോമ്പാൽ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ വിദ്യാർത്ഥികൾ പിന്നീട് ആശുപത്രി വിട്ടു.