
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് 'സാൻ ഫെർണാണ്ടോ' യുടെ വരവിൽ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'സ്വപ്നം തീരമണയുന്നു' എന്നുതുടങ്ങുന്ന ഒരു ചെറുകുറിപ്പിലൂടെയാണ് മുഖ്യമന്ത്രി സന്തോഷം പങ്കുവെച്ചത്.
'സ്വപ്നം തീരമണയുന്നു. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണ്. സാൻ ഫെർണാണ്ടോ എന്ന കപ്പൽ പുറംകടലിൽ എത്തി. നാളെ രാവിലെ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് ഔദ്യോഗിക സ്വീകരണം നൽകും.': മുഖ്യമന്ത്രി കുറിച്ചു.
അതേസമയം, വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ സന്തോഷവും അഭിമാനവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. യുഡിഎഫിന്റെ കുഞ്ഞാണ്. പദ്ധതി യാഥാർത്ഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. അന്ന് പദ്ധതിയെ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. കടൾക്കൊള്ളയെന്നാണ് സിപിഐഎം മുഖപത്രം വിശേഷിപ്പിച്ചത്. ഓർമ്മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ടെന്നും വി ഡി സതീശൻ പരിഹസിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല് എത്തി.
പുതുചരിത്രം പിറന്നു.
2015 ഡിസംബര് 5 ന് തറക്കല്ലിട്ട പദ്ധതി.
പൂര്ണ തോതില് ചരക്കു നീക്കം നടക്കുന്ന തരത്തില് ട്രയല് റണ്ണും നാളെ തുടങ്ങും.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം UDF സര്ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മന്ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.
വിഴിഞ്ഞം 6000 കോടിയുടെ റിയല് എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. 'കടല്ക്കൊള്ള' എന്ന് എഴുതിയത് CPM മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മന് ചാണ്ടിയേയും UDF നേയും അപഹസിച്ചവര് ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.
വിഴിഞ്ഞം UDF ന്റെ കുഞ്ഞാണ്. അത് യാഥാര്ഥ്യമാക്കിയത് ഉമ്മന് ചാണ്ടിയാണ്. ഓര്മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്ക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ.
ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും സ്വപ്നതീരമായത്. ഇതോടെ കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് ഇന്ന് വിജയകരമായ ട്രയൽ റൺ നടന്നു. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി വിഴിഞ്ഞം മാറുകയും ചെയ്തു. വിഴിഞ്ഞത്തെത്തുന്ന മദർഷിപ്പുകളിൽ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താൻ കഴിയുന്ന തുറമുഖങ്ങളാണ് ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.