
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് വെള്ളിയാഴ്ച്ച അവധി. കുട്ടനാട്, ചെങ്ങന്നൂര്, ചേര്ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല് കോളേജുകള്ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര് അറിയിച്ചു.
വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് അവധി. അതേസമയം മുന് നിശ്ചയിച്ച പരീക്ഷകള്ക്കും പിഎസ്സി പരീക്ഷകള്ക്കും അവധി ബാധകമല്ല.
മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ളയ്ക്കാണ് അവധി. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
മഴ കനത്തതോടെ ആലപ്പുഴ ജില്ലയില് ദുരിതാശ്വാസ ക്യാമ്പുകള് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്, ചേര്ത്തല താലൂക്കുകളിലാണ് ക്യാമ്പ് തുടങ്ങിയത്.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുളളത്.
വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഓറഞ്ച് അലേര്ട്ട് തുടരുകയാണ്. ഇന്നും നാളെയും ഒമ്പത് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തീരങ്ങളില് കടലാക്രമണം ശക്തമാകാനും സാധ്യതയുണ്ട്. അതിനാല് അപകട മേഖലകളില് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില് നദികള് മുറിച്ചു കടക്കാന് പാടില്ല. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്പിടിക്കാനോ മറ്റ് ആവശ്യങ്ങള്ക്കോ ഇറങ്ങാന് പാടുല്ലെന്നും നിര്ദേശമുണ്ട്. വടക്കന് കേരള തീരം മുതല് മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂനമര്ദ്ദ പാത്തിയും മധ്യ ഗുജറാത്തിനു മുകളിലെ ചക്രവാതചുഴിയും ഇപ്പോഴും തുടരുകയാണ്. ഒപ്പം കേരള തീരത്തു പടിഞ്ഞാറന് - തെക്ക് പടിഞ്ഞാറന് കാറ്റ് ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്.