
കണ്ണൂര്: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതില് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജനെതിരെ പരോക്ഷ വിമര്ശനവുമായി റെഡ് ആര്മി ഫേസ്ബുക്ക് പേജ്. കച്ചവട താല്പര്യം തലക്കുപിടിച്ച് നിരന്തരം പാര്ട്ടിയെ പ്രതിസന്ധിയിലാക്കുന്നവര്ക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളോടെ റെഡ് വളണ്ടിയര്മാരെ നോക്കി നില്ക്കുന്ന പി ജയരാജന്റെ ചിത്രമാണ് പേജില് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് മികച്ച പിന്തുണയും ഇതിനകം വന്നിട്ടുണ്ട്.
പി ജയരാജനെ പ്രശംസിച്ച് പോസ്റ്റുകള് പങ്കുവെച്ചിരുന്ന പി ജെ ആര്മിയുടെ പേര് മാറ്റി റെഡ് ആര്മിയെന്ന് ആക്കുകയായിരുന്നു. പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന് കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദമായിരിക്കെയാണ് വിമര്ശന പോസ്റ്റുമായി റെഡ് ആര്മി രംഗത്തെത്തുന്നത്. അതേസമയം തനിക്കെതിരായ വിവാദം ആസൂത്രിതമാണെന്നും പിന്നില് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ആണെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.