/sports-new/football/2024/06/12/kerala-blasters-fc-signs-their-new-goal-keeper

ബ്ലാസ്റ്റേഴ്സിൻ്റെ വലകാക്കാൻ യുവതാരം; സോം കുമാർ ഇനി മഞ്ഞക്കുപ്പായത്തിൽ

ആഭ്യന്തര, അന്തർദേശീയ യൂത്ത് മത്സരങ്ങളിൽ നിന്നുള്ള സോമിന്റെ അനുഭവസമ്പത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഗോൾകീപ്പിങ് വിഭാഗത്തിന് കൂടുതൽ കരുത്തേകും

dot image

കൊച്ചി: യുവ ഇന്ത്യൻ ഗോൾകീപ്പറെ തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 19കാരനായ സോം കുമാറുമായാണ് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി കരാർ ഒപ്പു വെച്ചത്. ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സ്ലോവേനിയൻ ക്ലബ്ബായ എൻ കെ ഒലിംപിജ ലുബ്ലിയാനയ്ക്കൊപ്പമുള്ള കാലാവധിക്ക് ശേഷമാണ് സോം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ എത്തുന്നത്. ആഭ്യന്തര, അന്തർദേശീയ യൂത്ത് മത്സരങ്ങളിൽ നിന്നുള്ള സോമിന്റെ അനുഭവസമ്പത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഗോൾകീപ്പിങ് വിഭാഗത്തിന് കൂടുതൽ കരുത്തേകും.

2005 ഫെബ്രുവരി 27 ന് ബെംഗളൂരുവിൽ ജനിച്ച സോം കുമാർ ബാംഗ്ലൂരിലെ അണ്ടർ 13 ക്ലബ്ബ് ഫുട്ബോളിലൂടെയാണ് തൻ്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. ബോക ജൂനിയേഴ്സ് അക്കാദമിയിലും ബിവൈഎഫ്എൽ അക്കാദമിയിലും സോമിൻ്റെ കഴിവുകൾ പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. യുവഗോൾ കീപ്പറുടെ യൂറോപ്യൻ ഫുട്ബോൾ കരിയർ 2020ൽ സ്ലോവേനിയയിലെ എൻ കെ ബ്രാവോയ്ക്കൊപ്പമാണ് ആരംഭിച്ചത്. എൻ കെ ബ്രാവോയുടെ അണ്ടർ 17 ഗോൾകീപ്പർ ആയിരുന്ന സോം സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ബ്രാവോയുടെയും എൻ കെ ക്രാക്ക അണ്ടർ 19 ടീമുകളിൽ ഇടം നേടി. ഒടുവിൽ 2023 ഫെബ്രുവരിയിൽ എൻ കെ ഒളിമ്പിജ ലുബ്ലിയാനയുമായുള്ള കരാറിലേക്ക് നയിച്ചു. ക്ലബിലെ മൂന്നാം ചോയ്സ് ഗോൾകീപ്പറായി തുടങ്ങിയെങ്കിലും, സോമിന്റെ അസാധാരണമായ കഴിവുകൾ അവനെ എൻകെ ഒളിമ്പിജ ലുബ്ലിയാനയുടെ അണ്ടർ 19 ടീമിന്റെ സ്ഥിരം ഗോൾകീപ്പർ ആക്കി മാറ്റി. തുടർന്ന്, യുവേഫ യൂറോപ്യൻ അണ്ടർ-19 ചാമ്പ്യൻഷിപ്പ് സ്ക്വാഡിലേക്കുള്ള ടീമിലേക്കും സോം തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയുടെ അണ്ടർ 16, അണ്ടർ 17 ടീമുകളുടെ ഭാഗമായിരുന്ന സോം, ഒഡീഷയിൽ നടന്ന 2022 സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അണ്ടർ 20 ടീമിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മാലിദ്വീപിനെതിരായ സെമി ഫൈനലിലും ബംഗ്ലാദേശിനെതിരായ ഫൈനലിലും അദ്ദേഹത്തിൻ്റെ പ്രകടനം ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. 2023-ൽ, കുവൈറ്റിൽ നടന്ന എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൻ്റെ ഭാഗമായിരുന്ന സോം, പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 2023 സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us