
ബാര്ബഡോസ്: ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമില് ഒരു മലയാളി ഉണ്ടായിരുന്നുവെന്നത് കൗതുകകരമായ വസ്തുതയാണ്. മലയാളി ഇല്ലാതെ കളിച്ച ഒരു ടീമിലും ഇന്ത്യ കപ്പുയര്ത്തിയിട്ടില്ലെന്നാണ് ചരിത്രം. 1983 ല് സുനില് വത്സന്, 2007 ടി20, 2011 ഏകദിനത്തിലും എസ് ശ്രീശാന്ത് എന്നിവരായിരുന്നു മുന്പ് ഇന്ത്യ ലോകകപ്പ് വിജയിച്ച ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം. 2024ല് സഞ്ജു സാംസണ് അംഗമായ ടീം ഇന്ത്യ ലോകജേതാക്കളായപ്പോള് ആ ചരിത്രം ആവര്ത്തിക്കപ്പെട്ടിരിക്കുകയാണ്. ഈ പ്രചരണത്തെക്കുറിച്ച് ഇപ്പോള് രസകരമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു.
ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ഇന്ത്യന് ടീമിന്റെ ലെയ്സണ് ഓഫീസറും ഇന്ത്യന് ക്യാംപിലെ മറ്റൊരു മലയാളി സാന്നിധ്യവുമായ സിബി ഗോപാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യ ലോകകിരീടം നേടണമെങ്കില് സ്ക്വാഡില് ഒരു മലയാളി സാന്നിധ്യമുണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇനി വിശ്വസിച്ചേ പറ്റൂ, കാര്യങ്ങള് അങ്ങനെയായിപ്പോയില്ലേ', എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അഭിമുഖത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
ലോകകപ്പ് ജേതാക്കള്ക്കുള്ള മെഡല് കാണിച്ചുകൊണ്ട് 'കണ്ടല്ലോ, കിട്ടിയിട്ടുണ്ടേ', എന്നുപറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വളരെ വൈകാരികമായ നിമിഷമാണിതെന്നും വാക്കുകള് കിട്ടുന്നില്ലെന്നും സഞ്ജു വീഡിയോയില് പറഞ്ഞു. ഇത്ര വലിയ നിമിഷത്തിന് സാക്ഷിയാവാന് സാധിച്ചതുതന്നെ വലിയ ഭാഗ്യമാണ്. ഈ വിജയം നമ്മള് അര്ഹിച്ചിരുന്നു', സഞ്ജു കൂട്ടിച്ചേര്ത്തു.
ഐപിഎല് 2024 സീസണില് രാജസ്ഥാന് റോയല്സിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പര് ബാറ്ററായ സഞ്ജുവിനെ ഇന്ത്യന് ടീമിലേക്ക് വഴിയൊരുക്കിയത്. എന്നാല് ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില് മാത്രമാണ് സഞ്ജുവിന് കളത്തിലിറങ്ങാനായത്. തുടര്ന്നുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലോ നോക്കൗട്ട് മത്സരങ്ങളിലോ സഞ്ജുവിന് ടീം മാനേജ്മെന്റ് അവസരം നല്കിയിരുന്നില്ല.