
ന്യൂഡൽഹി: അദാനി - ഹിൻഡൻബർഗ് കേസ് വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം വേണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി. സെബി തന്നെ അന്വേഷണം നടത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകണമെന്നായിരുന്നു വിധി. ഈ വിധിയെ ചോദ്യം ചെയ്ത് കേസിലെ പരാതിക്കാരിലൊരാളായ അനാമിക ജയ്സ്വാൾ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില് കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില് ഏര്പ്പെട്ടിട്ടുണ്ടെന്നും ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്ട്ടില് ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്ന്നിരുന്നു.