അമിത ആത്മവിശ്വാസം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ വ്രണപ്പെടുത്തി: യോഗി ആദിത്യനാഥ്

പാർട്ടി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

dot image

ലഖ്നൗ: പാർട്ടി പ്രവർത്തകരുടെയും സ്ഥാനാർത്ഥികളുടെയും അമിത ആത്മവിശ്വാസം ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാർട്ടി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ബിജെപി നടത്തുന്ന ആദ്യ പ്രധാന യോഗമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014, 2017, 2019, 2022 വർഷങ്ങളിൽ ഉത്തർപ്രദേശിൽ പാർട്ടി നിർണായക വിജയങ്ങൾ നേടിയെന്നും പ്രതിപക്ഷത്തെ നിരന്തരം സമ്മർദ്ദത്തിലാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളിലേതിന് സമാനമായ വോട്ട് 2024ലും ബിജെപിക്ക് നേടാനായി. എന്നാൽ, വോട്ടുകളുടെ വ്യതിയാനവും അമിത ആത്മവിശ്വാസവും പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്നും നേരത്തെ വെൻ്റിലേറ്ററിലുണ്ടായിരുന്ന പ്രതിപക്ഷത്തിന് ഇപ്പോൾ കുറച്ച് ഓക്സിജൻ ലഭിച്ചുവെന്നും യോഗി പറഞ്ഞു. ഇനി വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങാന് മുഖ്യമന്ത്രി എംപിമാരോടും എംഎൽഎമാരോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിച്ചു.

സംസ്ഥാനത്ത് ഒരിക്കൽ കൂടി ബിജെപിയുടെ പതാക ഉയർത്തണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സാമൂഹ്യമാധ്യമങ്ങളില് സജീവമാകണമെന്ന് അഭ്യർത്ഥിച്ച യോഗി കിംവദന്തികൾ ഉടനടി തള്ളിക്കളയണമെന്നും നിർദേശിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് 33 സീറ്റുകൾ മാത്രമാണ് നേടാനായത്. 2019-ൽ 62 സീറ്റുകളാണ് ബിജെപി നേടിയത്.

dot image
To advertise here,contact us
dot image