
ലഖ്നൗ: വിവാഹസല്ക്കാരത്തിന് മീനും ഇറച്ചിയുമില്ലെന്നാരോപിച്ച് വധുവിന്റെ വീട്ടുകാര്ക്ക് മര്ദ്ദനം. ഉത്തര്പ്രദേശിലാണ് സംഭവം. വിവാഹസല്ക്കാരത്തിന് പച്ചക്കറി വിഭവങ്ങള് മാത്രം വിളമ്പിയതാണ് വരനെയും വീട്ടുകാരെയും ചൊടിപ്പിച്ചത്. വധുവിന്റെ വീട്ടുകാരെ മര്ദ്ദിക്കുകയും വരന് വിവാഹവേദിയില് നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ വധുവിന്റെ വീട്ടുകാര് മര്ദ്ദിച്ചെന്നും സ്ത്രീധനം ചോദിച്ചെന്നും കാട്ടി പൊലീസില് പരാതി നല്കി.
യുപിയിലെ ഡിയോറിയ ജില്ലയില് ആനന്ദ് നഗര് വില്ലേജിലായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് അഭിഷേക് ശര്മ്മയും സുഷമയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വരനും കൂട്ടരുമെത്തി ചടങ്ങുകള് നടക്കുന്നതിനിടെയാണ് സല്ക്കാരത്തിന് പച്ചക്കറി വിഭവങ്ങള് മാത്രമേയുള്ളൂ എന്ന പരാതി വരന് ഉന്നയിച്ചത്.
വരനും പിതാവ് സുരേന്ദ്ര ശര്മ്മയും മോശം വാക്കുകള് ഉപയോഗിച്ച് വഴക്കുണ്ടാക്കിയതായി വധുവിന്റെ പിതാവ് ദിനേശ് ശര്മ്മ നല്കിയ പരാതിയില് പറയുന്നു. വധുവിന്റെ വീട്ടുകാര് ഇത് ചോദ്യം ചെയ്തപ്പോള് അവരെ ക്രൂരമായി മര്ദ്ദിച്ചുവെന്നും സദസ്സിലെ കസേരകള് ഉള്പ്പടെ നശിപ്പിച്ചതായും പരാതിയിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് സ്ത്രീധനമായി നല്കിയത്. കാര് വാങ്ങുന്നതിനായാണ് പണം നല്കിയത്. രണ്ട് സ്വര്ണ മോതിരങ്ങളുള്പ്പടെ നല്കിയതായും ദിനേശ് ശര്മ്മ പരാതിയില് പറയുന്നു.