'പിന്നാക്കവിഭാഗക്കാരൻ മുഖ്യമന്ത്രിയായതിലുള്ള അസൂയ'; 'മുഡ' ആരോപണത്തിൽ മറുപടിയുമായി സിദ്ധരാമയ്യ

അവയെല്ലാം ഗൂഢാലോചനയാണെന്നും അത്തരം തന്ത്രങ്ങളാൽ താൻ പിന്തിരിഞ്ഞോടില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു

dot image

ബെംഗളൂരു: 'മുഡ' അഴിമതി ആരോപണത്തിൽ ബിജെപിയ്ക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് കണ്ട ബിജെപി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവർക്ക് അസൂയയായെന്നും സിദ്ദരാമയ്യ കുറ്റപ്പെടുത്തി.

രാഷ്ട്രീയ കാരണങ്ങളാലാണ് ബിജെപി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അവയെല്ലാം ഗൂഢാലോചനയാണെന്നും അത്തരം തന്ത്രങ്ങളാൽ താൻ പിന്തിരിഞ്ഞോടില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. 'മുഡ' ആരോപണങ്ങളിൽ സിദ്ദരാമയ്യക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കാനിരിക്കെയായിരുന്നു മറുപടി. കേസിൽ അന്വേഷണത്തിന് സർക്കാർ മുൻപേ ഉത്തരവിട്ടതാണ്. ബിജെപി ഇനിയും രാഷ്ട്രീയം കളിക്കുകയാണെങ്കിൽ തങ്ങളും അങ്ങനെതന്നെ നേരിടുമെന്നും സിദ്ധരാമയ്യ മറുപടി നൽകി.

എന്നാൽ ബിജെപി ആരോണങ്ങൾക്ക് കൂടുതൽ ശക്തി പകർന്നുകൊണ്ട് സിദ്ദരാമയ്യയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 2013, 2018, 2023 തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, 3.16 ഏക്കർ ഭൂമി സംബന്ധിച്ച് ചില പൊരുത്തക്കേടുകൾ ഉള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2013 ലെ സത്യവാങ്മൂലത്തിൽ ഭൂമി സിദ്ദരാമയ്യയുടെ ഭാര്യയുടെ പേരിൽ അല്ലായിരുന്നുവെന്നും എന്നാൽ പിന്നീട് സമർപ്പിച്ചവയിൽ ഉടമസ്ഥാവകാശം മാറിയെന്നുമാണ് റിപ്പോർട്ട്. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.

അഴിമതി നടന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അടക്കം പുറത്തുവിട്ടായിരുന്നു ബിജെപി രംഗത്തെത്തിയത്. 'പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള 85000 പേരാണ് പകരം ഭൂമിക്കായി അപേക്ഷ സാമർപ്പിച്ചത്. എന്നാൽ ഇവരെയെല്ലാം തഴഞ്ഞ് സിദ്ദരാമയ്യയുടെ കുടുംബത്തിനാണ് ഭൂമി നൽകിയത്'; കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ പറഞ്ഞു.

സിദ്ദരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇവരുടെ പേരിലുള്ള, സിദ്ദരാമയ്യയുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.

dot image
To advertise here,contact us
dot image