
ന്യൂഡല്ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ് 25 'ഭരണഘടനാ ഹത്യാ ദിന'മായി ആചരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ഭരണഘടന ആയുധമാക്കുമ്പോള് അടിയന്തരാവസ്ഥ ഉയർത്തി പ്രതിരോധം ശക്തമാക്കുകയായിരുന്നു ബിജെപി. ഇതിനിടെയാണ് 'Constitution killing day' ആചരിക്കാനുള്ള പ്രഖ്യാപനം.
'മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യമനോഭാവത്തോടെ 1975 ജൂണ് 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടനയുടെ ആത്മാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ചെയ്യാത്ത തെറ്റിന് ലക്ഷക്കണക്കിന് ആളുകളെ അഴിക്കുള്ളിലാക്കുകയും മാധ്യമങ്ങളുടെ വായ മൂടികെട്ടുകയുമുണ്ടായി', ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പങ്കുവെച്ചുകൊണ്ട് അമിത് ഷാ എക്സിലൂടെ പ്രതികരിച്ചു. 1975ലെ മനുഷ്യത്വ വിരുദ്ധത അനുഭവിച്ചവരെ ഈ ദിനം ഓര്ക്കുമെന്നും അമിത്ഷാ കൂട്ടിച്ചേര്ത്തു.
ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തില് ഓംബിര്ള അടിയന്തരാവസ്ഥയെക്കുറിച്ച് പരാമര്ശിച്ചത് ചർച്ചയായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും പ്രതിപക്ഷ നേതാക്കളെ അന്യായമായി ജയിലില് അടച്ചെന്നുമായിരുന്നു സ്പീക്കര് ഓം ബിര്ള പാര്ലമെന്റില് പ്രസംഗത്തില് പറഞ്ഞത്. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണെന്നും കോണ്ഗ്രസ് സര്ക്കാര് ഭരണഘടനാ വിരുദ്ധമായ നടപടികള് സ്വീകരിച്ചെന്നുമുള്ള പ്രസംഗം പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയാക്കി.
തുടര്ന്ന് സ്പീക്കറുടെ നീക്കം രാഷ്ട്രീയതാല്പര്യത്തോടെയാണെന്നും, അടിയന്തരാവസ്ഥയില് സ്പീക്കര് പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്നും രാഹുല് ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുടെ ചേംബറിലെത്തി അറിയിക്കുകയായിരുന്നു.